തിരിച്ചടിച്ച് ‘അതിമോഹം’; തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മക്രോ; ഭാവിയെന്ത്?
Mail This Article
പാരിസ്∙ ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തിലുള്ളത് പോകുകയും ചെയ്തുവെന്ന അവസ്ഥയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലേക്ക് തിരക്കിട്ട് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്ത് പിന്തള്ളപ്പെട്ടതോടെ ബന്ധശത്രുക്കൾക്കൊപ്പം ചേർന്ന് ഇനിയുള്ള മൂന്നു വർഷം ഭരിക്കേണ്ട സാഹചര്യമാണ് മക്രോയ്ക്ക് മുന്നിലുള്ളത്. ജൂൺ 9ന് നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മരീൻ െല പെന്നിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ–തീവ്ര വലതു സഖ്യമായ നാഷനൽ റാലി (എൻആർ) വിജയിച്ചതോടെയാണ് മൂന്നുവർഷത്തെ കാലാവധി കൂടി ബാക്കിനിൽക്കേ മക്രോ പാർലമെന്റ് പിരിച്ചുവിടുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ജൂൺ 30ന് ആദ്യഘട്ടം തിരഞ്ഞെടുപ്പും ജൂലൈ 7ന് രണ്ടാംഘട്ടവും നടത്താൻ തീരുമാനിച്ചു.
എന്നാൽ ആദ്യഘട്ട തിരഞ്ഞെടുപ്പിൽത്തന്നെ കനത്ത തിരിച്ചടിയാണ് മക്രോയുടെ റിനയ്സൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മിതവാദി സഖ്യത്തിനുണ്ടായത്. വെറും 20% വോട്ടോടെ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 33 % വോട്ടുമായി മരീൻ ലെ പെന്നും ജോർദാൻ ബാർദിലയും നയിക്കുന്ന നാഷനൽ പാർട്ടി ഒന്നാമതും 28% വോട്ടുനേടി ഇടതുസഖ്യം രണ്ടാമതുമെത്തി. 577 അംഗ സഭയിൽ 296 സീറ്റിലാണ് എൻആർ മുന്നിട്ടുനിൽക്കുന്നത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ 240 മുതൽ 300 വരെ സീറ്റുകൾ എൻആർ നേടുമെന്നാണ് വിലയിരുത്തൽ. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ആദ്യഘട്ടത്തിൽ 50% ത്തിലേറെ വോട്ടുനേടി മരീൻ ലെ പെന്നുൾപ്പെടെ 39 എൻആർ സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചിട്ടുണ്ട്. ലീഡ് ചെയ്യുന്ന സ്ഥാനാർഥിക്ക് 50 % വോട്ടുകിട്ടാത്തതും പോളിങ് ശതമാനം 25ൽ കുറവുള്ളതുമായ മണ്ഡലങ്ങളിലാണ് ജൂലൈ 7ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതിലും എൻആർ മുന്നേറ്റം ആവർത്തിച്ചാൽ ഫ്രഞ്ച് പാർലമെന്റിൽ രണ്ടാം ലോകയുദ്ധത്തിനുശേഷം വീണ്ടും ഫ്രാൻസിൽ തീവ്രവലതുസഖ്യം അധികാരത്തിലെത്തും.
മക്രോയുടെ ഭാവിയെന്ത് ?
തീവ്രവലതുസഖ്യം പാർലമെന്റിൽ ഭൂരിപക്ഷം നേടിയാൽ ശത്രുപക്ഷത്തുള്ള പ്രധാനമന്ത്രിക്കൊപ്പം ശിഷ്ടമുള്ള 3 വർഷം പ്രസിഡന്റായ മക്രോയ്ക്ക് ഭരിക്കേണ്ടി വരും. ഫ്രാൻസിൽ പ്രധാനമന്ത്രിയേക്കാൾ അധികാരം പ്രസിഡന്റിനാണെങ്കിലും സർക്കാർ ചെലവുകൾ, നയങ്ങൾ, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാസാക്കണമെങ്കിൽ ദേശീയ അസംബ്ലിയുടെ അംഗീകാരം ആവശ്യമുണ്ട്. ഏതെങ്കിലും നിയമത്തിൽ സെനറ്റും ദേശീയ അസംബ്ലിയും ഭിന്നാഭിപ്രായം പുലർത്തിയാൽ ദേശീയ അസംബ്ലിയുടെ തീരുമാനമാണ് അന്തിമമായി കരുതുക. എൻആറിന്റെ 28 വയസ്സുകാരനായ നേതാവ് ജോർദാൻ ബാർദില പ്രധാനമന്ത്രിയാകും എന്നാണ് കരുതുന്നത്. ഇനി മറ്റാരെയെങ്കിലും പ്രധാനമന്ത്രിയാക്കാൻ മക്രോ തീരുമാനിച്ചാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സഭയെന്ന നിലയ്ക്ക് അദ്ദേഹത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ തീവ്ര വലതുസഖ്യത്തിനാകും.
തീവ്രവലതു സഖ്യത്തിന്റെ മുന്നേറ്റം തടയാൻ പരസ്പരം കൈകോർക്കാനുള്ള സന്നദ്ധത മക്രോയുടെ സഖ്യമായ ഒൻസോബ്ലും ഇടതുമുന്നണിയായ ന്യൂ പോപ്പുലർ ഫ്രണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലെ പെന്നിന്റെ പാർട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്താനാകുന്ന മറ്റൊരു സ്ഥാനാർഥിയുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് ഇരുകക്ഷികളുടെയും പ്രഖ്യാപനം. എന്നാൽ വിരുദ്ധ ചേരികളിലുള്ള ന്യൂ പോപ്പുലർ ഫ്രണ്ടിനും ഒൻസോബ്ലുമിനും എത്രനാൾ ഒന്നിച്ചു പോകാനാകുമെന്നതിൽ സംശയമുണ്ട്.
ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ?
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തി രക്ഷപ്പെടാനാവില്ല. ഫ്രഞ്ച് ഭരണഘടനയനുസരിച്ച് ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷത്തിനുശേഷം മാത്രമേ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാകൂ. അതോടെ വ്യത്യസ്ത അജൻഡകൾ പുലർത്തുന്ന മൂന്നുപാർട്ടികളും ചേർന്നുള്ള തൂക്ക് പാർലമെന്റിലേക്കാകും കാര്യങ്ങൾ നീങ്ങുക. ഒരു വർഷത്തോളം ആ രാജ്യം അനിശ്ചിതത്വത്തിൽ തുടരേണ്ടി വരും. ഒരു വർഷംവരെ കെയർടേക്കർ സർക്കാർ രൂപീകരിച്ച് ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടു പോകുക മാത്രമാണ് പോംവഴി. എന്നാൽ ഫ്രഞ്ച് ചരിത്രത്തിൽ അത്തരമൊന്ന് ഇതുവരെ സംഭവിച്ചിട്ടില്ല.