ADVERTISEMENT

ലണ്ടൻ∙ ‘തൊഴിലാളി വർഗ’ത്തിന്റെ പ്രതിനിധിയെന്നു സ്വയം വിശേഷിപ്പിക്കുന്ന കെയ്ർ സ്റ്റാർമറെന്ന 61കാരൻ മുൻ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്. അരനൂറ്റാണ്ടിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായവരിൽ ഏറ്റവും പ്രായംകൂടിയ ആളാണ് സ്റ്റാർമർ. ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഋഷി സുനകിന് പിൻഗാമിയാകുന്നത് ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയെന്ന കൗതുകവുമുണ്ട്.

സറി ജില്ലയിലെ ഓക്സറ്റഡിൽ ജനിച്ച സ്റ്റാർമറുടെ ബാല്യം അത്ര സമ്പന്നമായിരുന്നില്ല. മരപ്പണിക്കാരനായിരുന്നു സ്റ്റാർമറുടെ പിതാവ്. അമ്മ നഴ്സും. പ്രതിരോധശേഷി ഇല്ലാതാകുന്ന അപൂർവരോഗം ബാധിച്ച് മാതാവിന്റെ സംസാര, ചലന ശേഷി പൂർണമായി നഷ്ടപ്പെട്ടതോടെ കുടുംബം ദാരിദ്ര്യത്തിലേക്ക് വീണു. സ്റ്റാർമറുടെ 16 വയസ്സുവരെ ലോക്കൽ കൗൺസിലാണ്  അദ്ദേഹത്തിന്റെ പഠനത്തിനുള്ള ഫീസ് നൽകിയിരുന്നത്. പഠനത്തിൽ മിടുക്കനായ അദ്ദേഹമാണ് കുടുംബത്തിൽ ആദ്യമായി സർവകലാശാലയിൽ പഠിക്കാൻ കഴിഞ്ഞയാൾ.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ലീഡ്സിൽ നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് പ്രശസ്തമായ ഓക്സഫഡ് സർവകശാലയിൽനിന്ന് മനുഷ്യാവകാശ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. ആഫ്രിക്കൻ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്കുവേണ്ടി വാദിച്ചു വിജയിച്ചാണ് അഭിഭാഷകവൃത്തിയിൽ സ്റ്റാർമർ പ്രശസ്തനായത്. 2008ൽ ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി. 

2003 മുതൽത്തന്നെ സ്റ്റാർമർ രാഷ്ട്രീയാഭിമുഖ്യം പുലർത്തിയെങ്കിലും ബ്രിട്ടിഷ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത് 2015ൽ ഹോൽബോൻ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽനിന്നാണ്. അന്നുമുതൽ 9 വർഷമായി ഇതേ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019ൽ ലേബർ പാർട്ടി കനത്ത തോൽവി നേരിട്ടതിനു പിന്നാലെ 2020ൽ നടന്ന പാർട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്തേക്ക് മത്സരിച്ച് സ്റ്റാർമർ ജയിച്ചു. ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ യുഗത്തിലേക്ക് ലേബർ പാർട്ടിയെ നയിക്കുമെന്നാണ് അന്ന് സ്റ്റാർമർ പ്രതികരിച്ചത്. ആ വാക്കുകൾ സത്യമായിരിക്കുകയാണ് ഇന്ന്.

English Summary:

Who is Keir Starmer, the next British prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com