കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ല; വരൂ, പരിശോധിക്കാം: ക്ഷണിച്ച് ആർഷോ
Mail This Article
തിരുവനന്തപുരം∙ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ലെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ പി.എം. ആർഷോ. മാധ്യമങ്ങളെ ക്യാംപസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർഥികളോട് ചോദിക്കാം. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താൻ തയാറാവുകയാണ്. കൊയിലാണ്ടിയിലെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല.ഗൗരവമായി പരിശോധിക്കുമെന്നും ആർഷോ പറഞ്ഞു.
ഏരിയ പ്രസിഡന്‍റിന്‍റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകൻ അടിച്ചു പൊളിക്കുകയായിരുന്നു. കേൾവി നഷ്ടമായി. അതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. പക്ഷേ പ്രസിഡന്‍റ് അധ്യാപകനോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ നടപടി ന്യായീകരിക്കുന്നില്ല. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾക്ക് മുൻപേയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ കോളജ് തയാറാകണം. എസ്എഫ്ഐ പ്രസിഡന്‍റിനെയാണ് ആദ്യം അധ്യാപകൻ ആക്രമിച്ചത്.
സിദ്ധാർഥന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ്എഫ്ഐയെ വലിച്ചിഴച്ചു. മൂന്നു പ്രവർത്തകർ പ്രതിയായി. അവരെ പുറത്താക്കിയിരുന്നു. സിബിഐ റിപ്പോർട്ട് വന്നിരുന്നു. അതിലെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തതെന്നും ആർഷോ ചോദിച്ചു.