കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം
Mail This Article
ചെന്നൈ∙തമിഴ്നാട് സർക്കാരിനു കീഴിലെ വിദേശമദ്യ വിൽപനശാലയായ ടാസ്മാക്കുകൾ ഇനി മുതൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കും. സെപ്റ്റംബർ മുതൽ സംസ്ഥാന വ്യാപകമായി മദ്യക്കുപ്പികൾ ശേഖരിക്കുമെന്ന് ടാസ്മാക് എംഡി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ വിവിധ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരുന്നു. പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് സംസ്ഥാനത്തെ ടാസ്മാക് കേന്ദ്രങ്ങളിലൂടെ സംസ്ഥാന സർക്കാർ വിറ്റഴിക്കുന്നത്. ഇത് തിരിച്ചെടുക്കുന്നതിലൂടെ വലിയ വരുമാനം തന്നെയാണ് തമിഴ്നാട് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
തിരികെ ലഭിക്കുന്ന കുപ്പികളുടെ വിൽപനയിലൂടെ പ്രതിവർഷം 250 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ടാസ്മാക് അധികൃതരുടെ കണക്കുകൂട്ടൽ. കുപ്പികൾ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന മലിനീകരണവും മറ്റു പ്രശ്നങ്ങളും ഒഴിവാക്കുന്നതിനു കൂടിയാണ് ഈ തീരുമാനം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായെങ്കിലും സംസ്ഥാനത്ത് മുഴുവനായും നടപ്പിലായിരുന്നില്ല. ഇതിനു പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുമെന്ന് ടാസ്മാക് എംഡി തന്നെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്.
10 രൂപ വീതമായിരിക്കും തിരിച്ചു നൽകുന്ന കുപ്പിക്ക് ടാസ്മാക് നൽകുക. ഇതിനായി മദ്യം വിൽക്കുന്ന സമയത്ത് കുപ്പിക്ക് 10 രൂപ വീതം അധികമായി ഈടാക്കും. കുപ്പികൾ തിരിച്ചെടുക്കാൻ പ്രത്യേക കൗണ്ടറുകള്‍ ടാസ്മാക്ക് ഔട്ട്‌ലെറ്റുകളിൽ തുടങ്ങാനും ധാരണയായിട്ടുണ്ട്. നേരത്തെ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ മാലിന്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.