തൂങ്ങിയാടുന്ന ബെർത്തിൽ നേരം വെളുപ്പിച്ച് ബെംഗളൂരു വരെ: റെയിൽവേ വാദം പൊളിയുന്നു, ജീവന് വേണം ഗ്യാരന്റി
Mail This Article
കോട്ടയം ∙ കാശുമുടക്കി ദീർഘദൂര യാത്രയ്ക്കു സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മനസ്സമാധാനമായി ഉറങ്ങാനാണ്. അല്ലാതെ ഇരുന്നു നേരം വെളുപ്പിക്കാനല്ല. ട്രെയിൻ നമ്പർ 16525 CAPE - SBC എക്സ്പ്രസിലെ എസ്–1 കോച്ചിലെ യാത്രക്കാരന്റെ വാക്കുകളാണിത്. ജൂലൈ നാലിനു ബെംഗളൂരുവിലേക്കുള്ള യാത്രയിൽ തനിക്കു ലഭിച്ച ബെർത്തിന്റെ ദുരവസ്ഥ കണ്ട് ഉറക്കം പോലും നഷ്ടപ്പെട്ട് ബർത്തിന്റെ ഒരു വശത്ത് ഇരുന്ന് ഉറങ്ങിയാണ് ഇദ്ദേഹം നേരം വെളുപ്പിച്ചത്. ഈ നിമിഷമെല്ലാം മനസ്സിലൂടെ കടന്നുപോയത് അടുത്തിടെ സ്ലീപ്പർ ബെർത്ത് വീണ് ദാരുണമായി ജീവൻ നഷ്ടപ്പെട്ട മറ്റൊരു യാത്രക്കാരന്റെ അവസ്ഥയും – അദ്ദേഹം ഓർമിക്കുന്നു.
ട്രെയിൻ യാത്രയ്ക്കിടയിൽ മധ്യത്തിലെ ബെർത്ത് വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി അലിഖാൻ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും അത് ബെർത്തിന്റെ ഹുക്ക് ഇട്ടതിന്റെ പിഴവാണെന്നും വിശദീകരിച്ച് റെയിൽവേ മുന്നോട്ടുവന്നിരുന്നു. ഇതിനിടെയാണ് റിസർവ് ചെയ്ത യാത്രക്കാർക്കു പോലും ‘ശുഭയാത്ര’ ഒരുക്കാനാവാത്ത ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതൊന്നു കണ്ണുതുറന്നു കാണുക. ഇനി ഒരു ജീവൻ കൂടി ബെർത്തിനടിയിൽ പിടഞ്ഞ് പൊലിയാൻ അനുവദിക്കരുത്.അപകട കാരണം ബെർത്തിന്റെ ഹുക്ക് കൃത്യമായി ഇടാത്തതെന്ന് റെയിൽവേ പറയുമ്പോഴും പല ട്രെയിനുകളിലും അപകടകരമാംവിധം ബെർത്ത് ഉറപ്പിച്ചിരിക്കുന്ന ഹുക്കുകളും സ്ക്രൂവുമൊക്കെ ഇളകി തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലേയ്ക്ക് പോയ ട്രെയിൻ നമ്പർ 16525 CAPE-SBC എക്സ്പ്രസിലെ എസ്–1 കോച്ചിലെ ഇത്തരമൊരു അപകടകരമായ ദൃശ്യമാണ് യാത്രക്കാരൻ മനോരമ ഓൺലൈനിന് പങ്കുവച്ചത്. കോച്ചിന്റെ മേൽക്കൂരയിൽ ഉറപ്പിച്ച ബെർത്തിന്റെ ആണികളടക്കം ഊരിത്തെറിക്കാറായ വിധത്തിൽ പുറത്തേക്ക് തള്ളി ബെർത്ത് തൂങ്ങിയാടുന്ന വിധത്തിലാണുള്ളത്. ബെർത്ത് ലഭ്യമായ യാത്രക്കാരൻ ഭീതിയോടെ ഉറങ്ങാതെ മാറിയിരിക്കേണ്ട അവസ്ഥയിലും.
യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ പോലും ഉറപ്പാക്കാതെ എന്ത് ഗ്യാരന്റിയാണ് റെയിൽവേ ഉറപ്പു നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇനിയും ഒരപകടത്തിന് ഇടയാക്കാതെ യാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പലതും റെയിൽവേ കണ്ടില്ലെന്നു നടിക്കുന്നത് ഇവർക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്.