കളിച്ചും ചിരിച്ചും അമ്മയ്ക്കൊപ്പം; വൈറലായി കുനോയിലെ ചീറ്റക്കുഞ്ഞുങ്ങൾ– വിഡിയോ
Mail This Article
കുനോ(മധ്യപ്രദേശ്)∙മധ്യപ്രദേശിലെ ഷിയോപൂരിലുള്ള കുനോ ദേശീയ ഉദ്യാനത്തിൽ എത്തിയാൽ ഇപ്പോൾ സഞ്ചാരികളുടെ മനം കവരുന്നത് മാനുകളോ സിംഹങ്ങളോ ഒന്നുമല്ല. പകരം 5 ചീറ്റക്കുഞ്ഞുങ്ങളും ഇവയുടെ അമ്മയായ ജമിനി എന്ന ആഫ്രിക്കൻ ചീറ്റയുമാണ്. വെള്ളിയാഴ്ച കുനോയിൽ പെയ്ത മഴയ്ക്കിടെ ചീറ്റക്കുഞ്ഞുങ്ങളുമായി കളിച്ചുല്ലസിക്കുന്ന ജമിനിയുടെ വിഡിയോ വൈറലായി മാറിയിരുന്നു. കേന്ദ്ര വനമന്ത്രി ഭൂപേന്ദ്ര യാദവാണ് വിഡിയോ എക്സിൽ പങ്കുവച്ചത്.
കഴിഞ്ഞ മാർച്ച് 10നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ജമിനി എന്ന ചീറ്റ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ദക്ഷിണാഫ്രിക്കയിലെ സ്വാലു കൽഹാരി റിസർവ് വനത്തിൽ നിന്നായിരുന്നു 5 വയസുകാരി ജമിനിയുടെ വരവ്. ജമിനിയും കുഞ്ഞുങ്ങളുമടക്കം 26 ചീറ്റകളാണ് നിലവിൽ കുനോ ദേശീയ ഉദ്യാനത്തിൽ ഉള്ളത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് ചീറ്റകളെ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.