ADVERTISEMENT

കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമാണ് തിരുവമ്പാടി കെഎസ്ഇബി ഓഫിസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധി‌ച്ചത്. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. പ്രതിഷേധത്തിനിടെ 64 വയസ്സുകാരനായ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ഇബി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ തുടർന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വീട്ടുകാര്‍ വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് ഈ വ്യാഴാഴ്ച റസാഖിന്റെ വീട്ടിലെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച റസാഖിന്റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ചയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതിയും നൽകിയിരുന്നു.

തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫിസ് ആക്രമിച്ചപ്പോൾ
തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫിസ് ആക്രമിച്ചപ്പോൾ

പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ശനിയാഴ്ച രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫിസിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത് ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യവും ഒഴിച്ചെന്ന് പറയുന്നു. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പടെ ചില ജീവനക്കാർക്ക് പരുക്കേറ്റതായും പരാതി ഉണ്ട്. ആക്രമണത്തിൽ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്.

പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മലിൻ്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. നഷ്ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ബോർഡിന്റെ നിലപാട്. ജീവനക്കാരുടെ പരാതിയിൽ അജ്മലിനും സഹോദരൻ ഫഹ്ദാനും എതിരെ കേസെടുത്തിട്ടുണ്ട്.

English Summary:

KSEB Disconnects Electricity of Accused after Violent Trespass at Tiruvambadi Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com