ADVERTISEMENT

ഗുവാഹത്തി∙ അസം ജനതയുടെ സൈനികനായി ലോക്‌സഭയിൽ പോരാടുമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അസമിലെ അവസ്ഥയ്ക്കു പരിഹാരമായി ഹ്രസ്വകാല പദ്ധതികൾ, മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രളയ നിയന്ത്രണത്തിനായുള്ള ദീർഘകാല പദ്ധതികള്‍ എന്നിവ നടപ്പിലാക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതായി രാഹുൽ പറഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളിലെ സന്ദർശനത്തിനു ശേഷമാണു രാഹുൽ എക്സിൽ പ്രതികരിച്ചത്. പ്രളയരഹിത അസം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇരട്ട എൻജിനുള്ള ബിജെപി സർക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയാണു ദുരിതബാധിതരുടെ എണ്ണം തെളിയിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘‘ഞാൻ അസമിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. പാർലമെന്റിൽ അവരുടെ സൈനികനായി പ്രവർത്തിക്കും. സംസ്ഥാനത്തിനുവേണ്ടി സാധ്യമായ എല്ലാ സഹായവും പിന്തുണയും എത്രയും വേഗം എത്തിക്കണമെന്നു കേന്ദ്ര സർക്കാരിനോടു അഭ്യർഥിക്കുന്നു. അസമിനു പുനരധിവാസവും നഷ്ടപരിഹാരവും ആശ്വാസവും സാധ്യമാകുന്ന ഹ്രസ്വകാല പദ്ധതികളും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി വടക്കുകിഴക്കൻ ‌വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയും ആവശ്യമാണ്. വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായ എട്ടു വയസ്സുകാരൻ അവിനാഷിന്റേതടക്കം ഹൃദയഭേദകമായ സംഭവങ്ങളാണ് അസമിൽ നടക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനമറിയിക്കുന്നു.’’– രാഹുൽ കുറിച്ചു.

അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭൂപൻ ബോറയും മറ്റു മുതിർന്ന സംസ്ഥാന, ജില്ലാ പാർട്ടി നേതാക്കളും ചേർന്നാണ് കുംഭീർഗ്രാം വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ സ്വീകരിച്ചത്. നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അസമിലെ ബിജെപി സർക്കാർ ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായി 10,785 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചതു വെറും 250 കോടി രൂപയാണെന്നു ഭൂപൻ ബോറ പറഞ്ഞു.

അസമിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്റെ ആദ്യ വടക്കുകിഴക്കൻ സന്ദര്‍ശനമാണിത്. കലാപം ആരംഭിച്ചശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പുരിലെത്തുന്നത്.

മണിപ്പുര്‍ സന്ദർശിക്കാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് കുറ്റപ്പെടുത്തി. ‘‘ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പുരിലേക്കും പോകുമ്പോൾ ഇന്ത്യയുടെ ‘നോൺ-ബയോളജിക്കൽ’ പ്രധാനമന്ത്രി മോസ്കോയിലേക്കു പോകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്തിവച്ചതായി അവകാശപ്പെട്ടിരുന്ന നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയുടെ വക്താക്കൾ ഈ മോസ്‌കോ യാത്രയിൽ കൂടുതൽ വിചിത്രമായ അവകാശവാദങ്ങളുന്നയിക്കാനും സാധ്യതയുണ്ട്’’–അദ്ദേഹം എക്സിൽ കുറിച്ചു.

English Summary:

Rahul Gandhi Manipur Visit- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com