ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറിച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്തു ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

‘‘അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽനിന്നു പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎയുണ്ട്. ഒരിക്കലും വർഗീയ പ്രീണന രാഷ്ട്രീയത്തെ ബിജെപി പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയർത്തിയാവും എൻഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുക.

കുടുംബാധിപത്യ ഭരണമാണു കേരളത്തിൽ. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. കേരളത്തിലെ സൂപ്പർ മുഖ്യമന്ത്രിക്കെതിരെയാണ് പിഎസ്‌സി അംഗത്വ നിയമനത്തിലെ കോഴ ആരോപണം വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സിപിഎം. വോട്ടു ചെയ്യാത്തവരോട് പകപോക്കാനാണ് സിപിഎം ഒരുങ്ങുന്നത്. എന്നാൽ ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ ആരും ആക്രമിക്കപ്പെടില്ല. ക്രൈസ്തവ നേതൃത്വത്തെയും സിപിഎം ഭീഷണിപ്പെടുത്തുന്നു.

ബിജെപിക്ക് വോട്ട് ചെയ്തവരെ വേട്ടയാടാൻ അനുവദിക്കില്ല. എസ്എഫ്ഐയെ ഉപയോഗിച്ച് നാട്ടിൽ കലാപം അഴിച്ചുവിടുകയാണ്. പ്രിൻസിപ്പൽമാർക്ക് കോളജിൽ പ്രവേശിക്കാനാവാത്ത സാഹചര്യമാണ്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടും. എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് എന്ന സ്ഥിതി കേരളത്തിൽ മാറി. മൂന്നാമതൊരു ശക്തി കൂടി വന്നു. കേരളമാണു ബിജെപിക്ക് ബാലികേറാമലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആ കേരളത്തിൽ ബിജെപി ഒന്നാമതുമെത്തി രണ്ടാമതും എത്തി. എൽഡിഎഫിനും ബിജെപിക്കും ഒരേ സീറ്റാണ് കിട്ടിയത്. അധികം വൈകാതെ ബിജെപി കേരളം ഭരിക്കും’’– സുരേന്ദ്രൻ പറഞ്ഞു.

നേതൃയോഗം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിൽ മൂന്നാം കടമ്പ കടന്നാൽ പിന്നെ തടയാൻ ആർക്കും കഴിയില്ല. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടയാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുൻ സംസ്ഥാന അധ്യക്ഷരായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. പഞ്ചായത്ത് - ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുള്ള 2500 പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

English Summary:

K Surendran criticized Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com