പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചു; എസ്എഫ്ഐ മുൻ പ്രവർത്തകൻ അറസ്റ്റിൽ
Mail This Article
കാലടി∙ മറ്റൂർ ശ്രീശങ്കര കോളജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ മുൻ പ്രവർത്തകനെ പിടികൂടി. കോളജിലെ പൂർവ വിദ്യാർഥിയായ രോഹിത്തിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കോളജിലെ ഒരു വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രോഹിത്തിന്റെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് സൈറ്റിൽ അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്.
പിന്നാലെ എട്ടോളം വിദ്യാർഥിനികൾ കൂടി രോഹിത്തിനെതിരെ കാലടി പൊലീസിനെ സമീപിച്ചു. ഇതോടെയാണ് രോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളജിലെ എസ്എഫ്ഐ മുൻ പ്രവർത്തകനായ രോഹിത് ഇക്കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിന് കോളജിൽ എത്തിയിരുന്നതായും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തങ്ങളുടെ ചിത്രങ്ങൾ എടുത്തിരുന്നതായും വിദ്യാർഥിനികൾ പറയുന്നു. രോഹിത്തിന്റെ രണ്ട് ഫോണുകളും പിടിച്ചെടുത്ത പൊലീസ്, ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.