ADVERTISEMENT

കോഴിക്കോട്∙ പിഎസ്‌സി അംഗത്വം ലഭിക്കുന്നതിന് കോഴ നൽകിയ സംഭവം ഒത്തുതീർപ്പായെങ്കിലും മറനീക്കി പുറത്തുവരുന്നത് പാർട്ടിയിലെ ഭിന്നത. പ്രമോദ് കോട്ടൂളിയാണ് സംഭവത്തിലെ ആരോപണ വിധേയനെങ്കിലും പ്രമോദിന് പിന്നിൽ ഉന്നതരുണ്ടെന്ന് വ്യക്തമാണ്. പാർട്ടി നേരത്തെ അറിഞ്ഞ് അന്വേഷണ കമ്മിഷനെ വച്ചു പഠിച്ച സംഭവമാണിത്. എന്നാൽ വിവാദമാകുന്നതിന് മുന്നെ, വാങ്ങിയ തുക മുഴുവൻ തിരികെ നൽകി സംഭവം ഒതുക്കിയതായാണ് വിവരം. പണം വാങ്ങിയില്ലെന്ന് പ്രമോദും പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരിയും ഇപ്പോൾ പറയുന്നു. പരാതിയും അന്വേഷണവും ഇവിടംകൊണ്ട് അവസാനിക്കുമെങ്കിലും സർക്കാരിനെതിരെ പ്രയോഗിക്കാൻ പ്രതിപക്ഷത്തിന് പുതിയ ആയുധം കൂടി കിട്ടി. 

തിരഞ്ഞെടുപ്പിനു മുൻപു ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച നാലംഗ കമ്മിഷൻ അന്വേഷണം പൂർത്തിയാക്കിയിരുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. കോഴിക്കോട് നഗരത്തിലെ പ്രധാന യുവ നേതാവായ പ്രമോദിന് മുതിർന്ന പല നേതാക്കളിലും നല്ല സ്വാധീനമുണ്ട്. അതുകൊണ്ടാണ് പിഎസ്‌സി അംഗത്വത്തിന് വേണ്ടി 22 ലക്ഷം രൂപ നൽകിയതും 60 ലക്ഷം രൂപയോളം നൽകാൻ സമ്മതിച്ചതും. എന്നാൽ വലിയ തട്ടിപ്പാണ് ഇതിനു പിന്നിൽ നടന്നതെന്ന് വ്യക്തമാണ്.

പിഎസ്‌സി അംഗം പോലെ പ്രമുഖ പദവിയിലേക്ക് തിരുകി കയറ്റൽ കുറവാണെന്ന് നിലവിലെ പിഎസ്‌സി അംഗമായ വ്യക്തി പറഞ്ഞു. യോഗ്യതയുള്ള, പാർട്ടിക്ക് താൽപര്യമുള്ളവരെയാണ് നിയമിക്കുക. അതിൽ തന്നെ പലരും ഉന്നത ഉദ്യോഗം വഹിച്ചവരായിരിക്കും. ആറു വർഷത്തേക്കാണ് നിയമനം. ഒരു പിഎസ്‌സി അംഗത്തിന് മാസം 2.26 ലക്ഷം രൂപയോളമാണ് ലഭിക്കുക. 70,000 രൂപയാണ് അടിസ്ഥാന ശമ്പളം. 80,000 രൂപയോളം പെൻഷൻ ലഭിക്കും. കോളജ് അധ്യാപകർ, ഡോക്ടർമാർ എന്നിവർ പിഎസ്‌സി അംഗമായാലും സാമ്പത്തികമായി വലിയ നേട്ടമുണ്ടാകില്ല. അല്ലെങ്കിൽ 55 വയസ്സിൻ മുകളിൽ പ്രായമുള്ളവരായിരിക്കണം. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ആൾ അംഗമായാൽ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും സർക്കാർ ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ വരുമാനത്തിനപ്പുറം പദവി എന്ന നിലയ്ക്കാണ് പലരും അംഗമാകുന്നത്. 

മറ്റു കമ്മിഷനുകളെ അപേക്ഷിച്ച് പിഎസ്‌സി അംഗത്തിന്  മീറ്റിങ്ങും സിറ്റിങ്ങുകളുമായി എല്ലാ ദിവസവും ജോലിയുണ്ടാകും. അതുകൊണ്ട് തന്നെ ചെലവും കൂടുതലായിരിക്കും. എന്നാൽ മറ്റു ചില കമ്മിഷൻ അംഗങ്ങൾക്ക് 4 ലക്ഷത്തോളം വരുമാനം ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്തായാലും പിഎസ്‌സി അംഗത്വത്തിനുള്ള കോഴ ആരോപണം ഏറെക്കുറെ ആവിയായിപ്പോയി. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് സിപിഎം വരും ദിവസങ്ങളിൽ മറുപടി പറയേണ്ടി വരും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് മിനി കാബിനറ്റ് പ്രവർത്തിക്കുന്നുവെന്നാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചത്. ഇതേ ആരോപണം തന്നെയാണ് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും ഉന്നയിച്ചത്. കോൺഗ്രസ് പ്രവർത്തകർ റിയാസിന്റെ കോലം കത്തിക്കുകയും ചെയ്തു. റിയാസിന്റെ ഇടപെടലുകളിൽ അസംതൃപ്തരായ ചില പാർട്ടിക്കാർ തന്നെയാണ് ഇപ്പോൾ ഈ വിവാദം പുറത്തുവിട്ടതെന്നും കരുതുന്നു. കോഴിക്കോട് കുറേ കാലമായി നിലനിൽക്കുന്ന ഗ്രൂപ്പിസമാണ് ഇതോടെ വെളിച്ചത്താകുന്നത്.

English Summary:

PSC Membership Bribery Scandal Unveils Political Factionalism in CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com