മറിയം റഷീദയെ കടന്നുപിടിച്ചു; ചെറുത്തതിന്റെ വൈരാഗ്യത്തിൽ കേസെടുത്തു: സിബിഐ കുറ്റപത്രം
Mail This Article
തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ഗുഢാലോചന കേസില്‍ പ്രതിയായ മുന്‍ എസ്പി എസ്. വിജയനെതിരെ സിബിഐ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനം. മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചു വച്ച ശേഷം കേസ് എടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് എസ്. വിജയൻ മറിയം റഷീദയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്തതിനാലാണ് ചാരവൃത്തി ആരോപിച്ചു കേസെടുത്തതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നത്. ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നെന്നും ഇനിയും മര്‍ദിച്ചിരുന്നെങ്കില്‍ മരിക്കുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ ഉടമ വി.സുകുമാരന്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.
ചാരവൃത്തി ആരോപണത്തിൽ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണെന്ന വിജയന്റെ വാദം കളവായിരുന്നു എന്നാണ് മുന്‍ എപിപി ഹബീബുള്ളയുടെ മൊഴി. ചാരപ്രവര്‍ത്തനം നടന്നതായി യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന നമ്പി നാരായണനെ ഐബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍, അവശനായിരുന്ന നമ്പി നാരായണനെ പരിശോധിക്കാൻ ഡോ. സുകുമാരനെ എത്തിച്ചത് താനായിരുന്നു എന്ന് റിട്ട. എസ്‌പി ബേബി ചാള്‍സ് മൊഴി നല്‍കിയിട്ടുണ്ട്.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍, എസ് കെ.കെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്‌ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതനുസരിച്ച് സിബിഐ മേയ് മാസത്തില്‍ത്തന്നെ കേസ് റജിസ്റ്റര്‍ ചെയ്തു.