സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് സഞ്ജീവ് ഖന്ന
Mail This Article
ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ പരിശോധിക്കുന്നതിൽനിന്നു പിന്മാറി ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഇതോടെ ഹർജി പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കേണ്ട സാഹചര്യമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നു സഞ്ജീവ് ഖന്ന അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് കോടതി ചേംബറിലാണ് ഹർജികൾ പരിഗണിക്കാനായി ബെഞ്ച് ചേർന്നത്.
സ്വവർഗ വിവാഹം നിയമവിധേയമല്ലെന്നറിയിച്ച് 2023 ഒക്ടോബർ 17 നു പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളാണ് ബെഞ്ച് പരിഗണിച്ചത്. ഇതു തുറന്ന കോടതിയിൽ പരിഗണിക്കില്ലെന്നു നേരത്തേ തന്നെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ഹിമ കോലി, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ എന്നിവര്‍ ചേർന്നതാണ് അഞ്ചംഗ ബെഞ്ച്. കേസിൽ വിധി പറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗളും എസ്. രവീന്ദ്രഭട്ടും വിരമിച്ചതിനിലാണ് ജസ്റ്റിസ് ഖന്ന, നാഗരത്ന എന്നിവരെ ഉൾപ്പെടുത്തിയത്. പുതിയ ബെഞ്ച് വ്യാഴാഴ്ച വീണ്ടും ഹർജികൾ പരിശോധിക്കും.