ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ പഠിച്ച നഴ്സിങ് വിദ്യാർഥികൾക്കു മറ്റു സംസ്ഥാനങ്ങളിൽ ജോലിക്കുള്ള അനുമതി പത്രം ലഭിക്കുന്നില്ലെന്നുള്ള പരാതിയിൽ അതിവേഗ നടപടിയുമായി തമിഴ്നാട്. ‘മലയാള മനോരമ’ വാർത്തയെ തുടർന്നു വിഷയത്തിൽ ഇടപെട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഓഫിസ്, പ്രശ്നം പരിഹരിക്കുന്നതിനു ഡയറക്ടർ ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസിനു (ഡിഎംഎസ്) നിർദേശം നൽകി. തമിഴ്നാട്ടിൽ നിന്നു പഠിച്ചിറങ്ങിയ മലയാളി നഴ്സുമാർക്ക് ജോലിയുടെ ഭാഗമായി മഹാരാഷ്ട്രയിൽ റജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ എതിർപ്പില്ലാ രേഖ (എൻഒസി) ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് തമിഴ്നാട് സർക്കാരിന്റെ അടിയന്തര ഇടപെടൽ. മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിലും സമാന നടപടിയുണ്ടാകും.

ഡിഎംഎസ് അധികൃതർ മഹാരാഷ്ട്ര നഴ്സിങ് കൗൺസിലുമായി ബന്ധപ്പെട്ടതിനു പിന്നാലെ എൻഒസി ലഭിക്കുന്നതിനുള്ള തടസ്സം നീങ്ങി. നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോയുടെ ഇടപെടലും പ്രശ്നപരിഹാരം വേഗത്തിലാക്കി. നോർക്കയുടെയും തമിഴ്നാട് സർക്കാരിന്റെയും ഇടപെടലിനെ തുടർന്ന് എൻഒസി ലഭിക്കുന്നതിനാവശ്യമായ ഫീസ് തമിഴ്നാട് കൗൺസിലിൽ അടയ്ക്കാൻ നഴ്സുമാർക്കു നിർദേശം ലഭിച്ചു. എല്ലാവരും ഫീസ് ഇന്നലെ തന്നെ അടച്ചതായും ഉടൻ തന്നെ തമിഴ്നാട് കൗൺസിലിൽ നിന്നുള്ള എൻഒസി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും രക്ഷിതാക്കൾ പറഞ്ഞു.

മാർത്താണ്ഡത്ത് നഴ്സിങ് പഠനം പൂർത്തിയാക്കി മുംബൈയിലെ ആശുപത്രിയിൽ ജോലിക്കു കയറിയ പത്തനംതിട്ട സ്വദേശിനി അടക്കം നാൽപതോളം പേരാണ് എൻഒസിക്ക് വേണ്ടി ഒരു മാസത്തിലേറെയായി ഓടുന്നത്. മുംബൈയിൽ ജോലി ലഭിച്ചതിനു പിന്നാലെ തന്റെ മകൾ മഹാരാഷ്ട്ര നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചതായി പത്തനംതിട്ട സ്വദേശി രാജു പറഞ്ഞു. തമിഴ്നാട്ടിൽ പഠിച്ചതിനാൽ തമിഴ്നാട് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിന്റെ എൻഒസി ലഭിച്ചാൽ മാത്രമേ മഹാരാഷ്ട്രയിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. എൻഒസി തേടി മഹാരാഷ്ട്ര കൗൺസിലിൽനിന്ന് തമിഴ്നാട് കൗൺസിലിലേക്ക് ഇ–മെയിൽ അയച്ചു. ഇതിനുള്ള മറുപടിയായി, തമിഴ്നാട് കൗൺസിലിൽ നിന്നു വെരിഫിക്കേഷന്റെ ഭാഗമായ ഇ–മെയിൽ തിരികെ അയച്ചു. ഇതിനു മഹാരാഷ്ട്ര കൗൺസിലിൽ നിന്നു മറുപടി ലഭിക്കുന്നതോടെ തമിഴ്നാട് എൻഒസി നൽകും.

മഹാരാഷ്ട്ര കൗൺസിലിന്റെ റജിസ്ട്രേഷൻ ഇല്ലാതെ അവിടെ ജോലി ചെയ്യുന്നതിനു തടസ്സമില്ലെങ്കിലും ജോലി വിടുമ്പോൾ ട്രെയ്നി സർട്ടിഫിക്കറ്റ് മാത്രമേ ലഭിക്കൂവെന്നതാണ് പ്രശ്നം. ഏറെ വർഷം ജോലി ചെയ്താലും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതു ഭാവിയെ ദോഷകരമായി ബാധിക്കും. നാലു മാസം മുൻപാണു രാജ്യത്ത് ഇത്തരത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. എൻഒസി ആവശ്യമുള്ള സംസ്ഥാന കൗൺസിൽ അപേക്ഷ നൽകിയാലുടൻ നേരത്തെ ലഭിക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഏറെ കാത്തിരിക്കേണ്ടി വരുന്നുവെന്നും രക്ഷിതാക്കളും ഏജന്റുമാരും പറയുന്നു.

English Summary:

Tamil Nadu Responds to Nursing Students' Permit Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com