ADVERTISEMENT

വാഷിങ്ടൻ ∙ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്കു സാധിക്കുമെന്നു യുഎസ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെ യുദ്ധം അവസാനിപ്പിക്കുന്നതിനു പ്രേരിപ്പിക്കാൻ ഇന്ത്യയുടെ ബന്ധം സഹായിക്കുമെന്നു വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കുട്ടികളുടെ ആശുപത്രിയിൽ നടന്ന ആക്രമണം സൂചിപ്പിപ്പ്, നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്നു പുട്ടിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു പിന്നാലെയാണു ജീൻ പിയറിയുടെ പരാമർശം.

യുദ്ധത്തിൽ നിരപരാധികളായ കുട്ടികളുടെ മരണം ഹൃദയം പൊട്ടുന്ന വേദനയാണെന്നാണു പുട്ടിനോടു മോദി പറഞ്ഞത്. കീവിലെ കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്ച 41 പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ മിസൈൽ ആക്രമണത്തെയാണ് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിലെ പ്രസംഗത്തിനിടെ മോദി പരോക്ഷമായി വിമർശിച്ചത്. ‘‘യുദ്ധത്തിലായാലും ഭീകരാക്രമണത്തിലായാലും ജീവൻ നഷ്ടമാകുന്നത് മാനവികതയിൽ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നു; ബോംബുകൾക്കും ബുള്ളറ്റുകൾക്കുമിടയിൽ സമാധാന ചർച്ച വിജയിക്കില്ല’’– മോദി പറഞ്ഞു. രണ്ടര വർഷം പിന്നിടുന്ന റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ ഇന്ത്യ ഇതേവരെ അപലപിച്ചിട്ടില്ല. എന്നാൽ, ‘ഇതു യുദ്ധത്തിന്റെ കാലമല്ല’ എന്ന് 2022 സെപ്റ്റംബറിൽ പുട്ടിനുമായുള്ള ചർച്ചയിൽ മോദി പറഞ്ഞിരുന്നു.

തിങ്കളാഴ്ച കീവിലെ ആശുപത്രിയിൽ റഷ്യ ബോംബിട്ടതിനു പിന്നാലെ പുട്ടിനെ ആലിംഗനം ചെയ്യുന്ന ചിത്രം മോദി സമൂഹമാധ്യമത്തിൽ പങ്കുവച്ചത് പാശ്ചാത്യലോകത്തു വ്യാപക വിമർശനത്തിനു കാരണമായി. ‘‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്ന ചിത്രം വലിയ നിരാശയുണ്ടാക്കുന്നു’’ എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചത്. യുഎസും ഇന്ത്യയുടെ റഷ്യാബന്ധത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി ആക്രമണത്തെ മോദി പരാമർശിച്ചതെന്നാണു നിഗമനം.

English Summary:

US Says India Has Ability To Urge Putin To End War In Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com