ലത്തീൻ അതിരൂപതയെ അനുനയിപ്പിക്കാൻ മന്ത്രിയുടെ ഇടപെടൽ; ആർച്ച് ബിഷപ്പിനെ നേരിട്ട് ക്ഷണിക്കാൻ നിർദേശം
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പിനെ സ്വീകരിക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ലെന്ന തീരുമാനം പുറത്തുവന്നതിനു പിന്നാലെ, അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. ലത്തീൻ അതിരൂപതയെ അനുനയിപ്പിക്കാൻ സമവായ ശ്രമത്തിനാണു സർക്കാർ നീക്കം. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ‍് (വിസിൽ) എംഡി ദിവ്യ എസ്. അയ്യരോട് ബിഷപ്പിനെ നേരിട്ടു ക്ഷണിക്കാൻ മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് ദിവ്യ എസ്.അയ്യർ ബിഷപ്സ് ഹൗസിലെത്തി ആർച്ച് ബിഷപ്പിനെ ക്ഷണിച്ചേക്കുമെന്നാണു വിവരം.
അതേസമയം, ആർച്ച് ബിഷപ്പിനെ ക്ഷണിക്കാത്തതിനു പിന്നാലെ സഭയെ അപമാനിക്കുന്ന നിലപാടാണു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി സർവ ത്യാഗവും സഹിച്ച മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലാണ് ആർച്ച് ബിഷപ്പിന്റെ പേര് സർക്കാരിന്റെ ഔദ്യോഗിക നോട്ടിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണു വിമർശനം. നോട്ടിസിൽ അവസാനത്തെ പേരുകളിലൊന്നാണ് ആർച്ച് ബിഷപ്പിന്റേത്.
കപ്പലിനു സ്വീകരണമൊരുക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ് പങ്കെടുക്കില്ലെന്ന വാർത്ത മനോരമ ഓൺലൈനാണ് ആദ്യം പുറത്തുവിട്ടത്. ബിഷപ്പിനെ ഔദ്യോഗികമായി സർക്കാർ ക്ഷണിച്ചിട്ടില്ലെന്ന് ബിഷപ്സ് ഹൗസ് പറഞ്ഞിരുന്നു. പരിപാടി സംബന്ധിച്ച അറിയിപ്പോ ക്ഷണമോ ലഭിച്ചിട്ടില്ലെന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ സെക്രട്ടറി അറിയിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നാളെ കൊച്ചിയിലേക്കു പോകും. കേരള റീജനൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെആർഎൽസിസിബി) യോഗത്തിൽ പങ്കെടുത്തശേഷം മൂന്നു ദിവസം കഴിഞ്ഞു മാത്രമേ അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങുകയുള്ളൂ. ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജീൻ പെരേരയും അദ്ദേഹത്തിനൊപ്പം കൊച്ചിയിലേക്കു പോകുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മുൻപ് സമരം നടത്തിയിരുന്നു. സർക്കാർ നൽകിയ ഏഴ് ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു സമരം അവസാനിപ്പിച്ചത്. എന്നാൽ മുതലപ്പൊഴി വിഷയത്തിൽ ഉൾപ്പെടെ യാതൊരു ഉറപ്പും സർക്കാർ പാലിച്ചിട്ടില്ലെന്നും തീരദേശവാസികൾക്ക് ഇക്കാര്യത്തിൽ വലിയ അമർഷമുണ്ടെന്നും മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ചുമതലയുള്ള ഫാ. ലൂസിയാൻ പറഞ്ഞു.