ഫ്ലാഷ് ലൈറ്റും ബോർഡുമായി കറങ്ങേണ്ട; രൂക്ഷ വിമർശനവുമായി കോടതി: ‘കേരളത്തിലല്ലാതെ ഇതൊക്കെ നടക്കുമോ?’
Mail This Article
കൊച്ചി ∙ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും, അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരൊക്കെ വാഹനങ്ങളിൽ വലിയ ബോർഡും വച്ചാണ് യാത്ര ചെയ്യുന്നതെന്നും ഇവർ സാധാരണക്കാരെ രണ്ടാംതരം പൗരൻമാരായാണ് കാണുന്നതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ഹരിശങ്കർ വി.മേനോനും പറഞ്ഞു.
ബോർഡ് വച്ച് പോകുന്നവർ സാധാരണക്കാരുടെ വാഹനങ്ങളുടെ പിന്നിൽവന്ന് ഹോണ്‍ മുഴക്കും. ഇതുകണ്ട് മര്യാദയ്ക്ക് വാഹനമോടിച്ചു പോകുന്നവരെ പൊലീസുകാർ ചീത്ത വിളിക്കും. കേരളത്തിലല്ലാതെ ഇതൊക്കെ നടക്കുമോയെന്നും കോടതി ചോദിച്ചു. അടുത്തിടെ നടന്ന ഇത്തരം ഗതാഗത നിയമ ലംഘനങ്ങളിൽ എടുത്തിരിക്കുന്ന നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിയമം ലംഘിച്ച് വാഹനങ്ങളിൽ ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുകയാണെന്നും, പിന്നെ അവരെങ്ങനെ നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ആരാഞ്ഞു. രാഷ്ട്രപതിക്കും ഭരണഘടനാ പദവിയിലിരിക്കുന്ന മറ്റുള്ളവർക്കും മാത്രമാണ് വാഹനത്തിൽ ദേശീയ ചിഹ്നം നിശ്ചിത ബോർഡിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കുപോലും അനുമതിയില്ല. എന്നാൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരത്തിലുള്ള ബോർഡുകൾ ഉപയോഗിക്കുകയാണ്.
സെൻട്രൽ കസ്റ്റംസ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പിന്റെ പേരു മാത്രമാണ് എഴുതാൻ അനുമതിയുള്ളത്. ഇവരിൽ പലരും ടാക്സി കാറുകളിൽ എംബ്ലം വച്ചാണ് യാത്ര ചെയ്യുന്നത്. പൊലീസും മോട്ടർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗവും സർക്കാരിന്റെ പിന്തുണയോടെ കൃത്യമായി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജില്ലാ കലക്ടർമാർ ഉൾപ്പെടെ വാഹനത്തിൽ ഇല്യൂമിനേറ്റ് ചെയ്ത ബോർഡാണ് ഉപയോഗിക്കുന്നത് എന്നും കോടതി പറഞ്ഞു. ഇത് നിയമവിരുദ്ധമാണ്. താമസസ്ഥലത്തേക്കു പോയ ഐജി, വാഹനത്തിന്റെ മുകളിൽ ഫ്ലാഷ് ലൈറ്റ് മിന്നിക്കുന്നതു കഴിഞ്ഞ ദിവസം കണ്ടു. അടിയന്തരാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഫ്ലാഷ് ലൈറ്റ് ഘടിപ്പിക്കേണ്ടത്. ചീഫ് സെക്രട്ടറിക്കുപോലും ദേശീയ ചിഹ്നം വാഹനത്തിൽ ഉപയോഗിക്കാനാവില്ല.
അപ്പോഴാണ് സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡി ഇത് സ്ഥാപിക്കുന്നതെന്നും കോടതി പറഞ്ഞു. ചവറ കെഎംഎംഎല്ലിന്റെ എംഡിയുടെ വാഹനത്തിൽ അനധികൃത ബോർഡുകളും ഫ്ലാഷ് ലൈറ്റും പിടിപ്പിച്ചതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. അഴിച്ചു മാറ്റിയ ഫ്ലാഷ് ലൈറ്റും ബോർഡുകളും ഹാജരാക്കാനും കോടതി നിർദേശിച്ചു.