ADVERTISEMENT

തിരുവനന്തപുരം∙ 1996ല്‍ അധികാരത്തിലെത്തിയ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍. സംസ്ഥാനത്തിനും രാജ്യത്തിനാകെയും അഭിമാനിക്കാവുന്ന നേട്ടമായാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ അടുത്തിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും പ്രക്ഷോഭസമരങ്ങളും സമചിത്തതയോടെ മറികടന്ന് ഏറെ വെല്ലുവിളികള്‍ നേരിട്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരാണ് തുറമുഖ നിര്‍മാണത്തിനു നേതൃത്വപരമായ പങ്കുവഹിച്ചതെന്നും മന്ത്രി വി.എന്‍.വാസവന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിനും രാജ്യത്തിനും സാമ്പത്തിക വ്യാവസായിക, വാണിജ്യ, ടൂറിസം മേഖലകളില്‍ വന്‍ പുരോഗതി ഉണ്ടാകുമെന്നും ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു തുറമുഖത്തിനും അവകാശപ്പെടാന്‍ കഴിയാത്ത പ്രത്യേകതകള്‍ വിഴിഞ്ഞത്തിന്റെ മുഖമുദ്രയാണെന്നും മന്ത്രി വ്യക്തമാക്കി. 

∙ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിനും തിരുവനന്തപുരത്തിനും സര്‍ക്കാരിനും സാമ്പത്തികമായി ഉണ്ടാകുന്ന നേട്ടങ്ങള്‍?

വിഴിഞ്ഞം രാജ്യാന്തരപദ്ധതി യാഥാര്‍ഥ്യമായതോടു കൂടി കേരളത്തിനാകെയും പ്രത്യേകിച്ചും തിരുവനന്തപുരത്തിനും അതോടൊപ്പം രാജ്യത്തിനും സാമ്പത്തിക വ്യാവസായിക, വാണിജ്യ, തൊഴില്‍ മേഖലകളില്‍ വന്‍ പുരോഗതി ഉറപ്പാക്കാന്‍ കഴിയും. തൊഴില്‍ അവസരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പദ്ധതി പൂര്‍ണമായി കമ്മിഷന്‍ ചെയ്യുന്ന മുറയ്ക്ക് വര്‍ധിച്ചുകൊണ്ടേയിരിക്കും. കരാര്‍ പ്രകാരം 2034 മുതല്‍ സര്‍ക്കാരിനു വരുമാനം ലഭിച്ചു തുടങ്ങും. മറ്റ് തുറമുഖങ്ങള്‍ക്കൊന്നുമില്ലാത്ത പ്രത്യേകതയാണു വിഴിഞ്ഞത്തിനുള്ളത്. 10 നോട്ടിക്കല്‍ മൈല്‍ അകലെ മദര്‍ഷിപ്പ് വരും. 20-25 മീറ്റര്‍ വരെ ആഴമുണ്ട്. അവിടെ ചെളിയില്ലാത്തതിനാല്‍ ഭാവില്‍ ഡ്രജിങ് വേണ്ടിവരില്ല. കൊച്ചിയില്‍ 73 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമേ മദര്‍ഷിപ്പ് എത്തുകയുള്ളു. കമ്പനികള്‍ക്കു സമയലാഭവും ചെലവു കുറവും ലഭിക്കും എന്നതാണു വിഴിഞ്ഞത്തിന്റെ ആകര്‍ഷണീയത. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പിപിപി) മോഡലാണ് വിഴിഞ്ഞത്ത് നടപ്പായിരിക്കുന്നത്. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ മന്ത്രി വി.എൻ.വാസവൻ.കെ.എസ്.ശ്രീനിവാസൻ, എം.വിൻസെന്റ് എംഎൽഎ,  ദിവ്യ എസ്.അയ്യർ എന്നിവർ സമീപം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ മന്ത്രി വി.എൻ.വാസവൻ.കെ.എസ്.ശ്രീനിവാസൻ, എം.വിൻസെന്റ് എംഎൽഎ, ദിവ്യ എസ്.അയ്യർ എന്നിവർ സമീപം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

വാണിജ്യമേഖലയിലെ പുരോഗതി പോലെ തന്നെ കാര്‍ഷിക മേഖലയ്ക്കും തുറമുഖം നേട്ടമായി മാറും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ലോകത്തെമ്പാടും കയറ്റുമതി ചെയ്യാന്‍ തുറമുഖം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സഹകരണമേഖലയില്‍ ഇത്തരത്തില്‍ കൊച്ചിയില്‍നിന്ന് 12 ടണ്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ അമേരിക്ക, ബ്രിട്ടന്‍, ഖത്തര്‍, യുഎഇ, ദുബായ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്തിരുന്നു. ഈ മാതൃകയില്‍ വിഴിഞ്ഞത്തുനിന്നും കയറ്റുമതി ഊര്‍ജിതമാക്കാനുള്ള ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. 

∙ അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലായാല്‍ അതിന്റെ ഗുണഫലങ്ങള്‍ തൊട്ടടുത്തുള്ള തമിഴ്നാടിനു ലഭിക്കുമെന്നു വ്യവസായി സമൂഹം ആശങ്കപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍?

ഇത്തരത്തില്‍ ആശങ്കയുടെ ഒരു കാര്യവുമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം എല്ലാം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട് ആദ്യമുണ്ടാകേണ്ടിയിരുന്നത് 3000 മീറ്റര്‍ ബ്രേക്ക്‌വാട്ടര്‍ (പുലിമുട്ട്) ആയിരുന്നു. അതു പൂര്‍ത്തിയായി. 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബെര്‍ത്തും പൂര്‍ത്തീകരിച്ചു. മെയിന്‍ റോഡുമായി ബന്ധിപ്പിക്കുന്ന 1.7 കി.മീ അപ്രോച്ച് റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയിട്ടുണ്ട്. തുറമുഖത്തിന് ആവശ്യമായ ഓഫിസ് മന്ദിരങ്ങളുടെ നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കി. 220 കെവി സ്‌റ്റേഷനും 33 കെവി സബ്‌സ്‌റ്റേഷനും സ്ഥാപിച്ചു കഴിഞ്ഞു. കണ്ടെയ്‌നര്‍ യാര്‍ഡും സജ്ജമായിട്ടുണ്ട്. 





ഇന്ന് ബെർത്തിലെത്തുന്ന ആദ്യ മദർ ഷിപ്പിനെ സ്വീകരിക്കാനായി തയാറെടുത്ത വിഴിഞ്ഞം തുറമുഖം. ചിത്രം: ആർ.എസ്.ഗോപൻ/ മനോരമ
ഇന്ന് ബെർത്തിലെത്തുന്ന ആദ്യ മദർ ഷിപ്പിനെ സ്വീകരിക്കാനായി തയാറെടുത്ത വിഴിഞ്ഞം തുറമുഖം. ചിത്രം: ആർ.എസ്.ഗോപൻ/ മനോരമ

റെയില്‍വേ കണക്ടിവിറ്റിക്കായി ബാലരാമപുരം-വിഴിഞ്ഞം 10.7 കി.മീ. അലൈന്‍മെന്റ് തിട്ടപ്പെടുത്തി. ഇതില്‍ 9.2 കി.മീ. തുരങ്ക പാതയായാണു നിര്‍മിക്കുന്നത്. അതിന്റെ പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ആഘാത പഠനവും കഴിഞ്ഞു. ഇതിനായി 5.65 ഹെക്ടര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊങ്കണ്‍ റെയില്‍വേ പഠനങ്ങള്‍ നടത്തി ഡിപിആര്‍ തയാറാക്കി കേന്ദ്ര റെയില്‍വേയ്ക്ക് സമര്‍പ്പിച്ച് അംഗീകാരവും കിട്ടിക്കഴിഞ്ഞു. ദേശീയപാതയുമായുള്ള കണക്ടിവിറ്റിക്കായി ഔട്ടര്‍ റിങ് റോഡ് നിര്‍മിക്കും. അതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ച് ദേശീയ പാതാ അധികൃതരുമായി ചര്‍ച്ച ചെയ്ത് തത്വത്തില്‍ അതിന് അംഗീകരമായിട്ടുണ്ട്. താല്‍ക്കാലികമായ കണക്ടിവിറ്റിക്കായി 1.7 കി.മീ അപ്രോച്ച് റോഡ് ആണ് ഉപയോഗിക്കുക. ഭാവിയില്‍ വലിയ കണ്ടെയ്‌നര്‍ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കാനാണ് ഔട്ടര്‍ റിങ് റോഡ് ആലോചിച്ച് നടപ്പാക്കുന്നത്. വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്‌നറുകളില്‍ 16% കരമാര്‍ഗം പോകുമെന്നാണ് ഇപ്പോഴുള്ള നിഗമനം. ബാക്കി 84 ശതമാനവും ജലമാര്‍ഗമാകും നടക്കുക. 

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ് ‘സാന്‍ ഫെര്‍ണാണ്ടോ’. ചിത്രം: ആർ.എസ്.ഗോപൻ / മനോരമ
വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ് ‘സാന്‍ ഫെര്‍ണാണ്ടോ’. ചിത്രം: ആർ.എസ്.ഗോപൻ / മനോരമ

∙ തുറമുഖം പ്രവര്‍ത്തസജ്ജമാകുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും എത്രത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും?

തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച് 2028-ഓടു കൂടി വിഴിഞ്ഞം പദ്ധതി അതിന്റെ പൂര്‍ണ അവസ്ഥയിലെത്തും. അപ്പോഴേക്കും ഏതാണ്ട് മൂവായിരത്തോളം ആളുകള്‍ക്കു തുറമുഖത്ത് നേരിട്ടും ആയിരക്കണക്കിന് ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബിസിനസ് വര്‍ധിക്കുന്ന ഘട്ടത്തില്‍ അനുബന്ധ വ്യവസായങ്ങള്‍ എത്തുകയും മേഖല ടൗണ്‍ഷിപ്പായി മാറുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാവും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുക. അത് നമ്മള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്താവാനും സാധ്യതയുണ്ട്. വിഴിഞ്ഞത്ത് എത്തുന്ന മദര്‍ഷിപ്പില്‍നിന്നു കണ്ടെയ്‌നറുകള്‍ ചെറിയ കപ്പലുകളില്‍ കേരളത്തില്‍ തന്നെ ബേപ്പൂര്‍, കോഴിക്കോട്, അഴീക്കല്‍, കൊല്ലം എന്നിവിടങ്ങളിലേക്കു കൊണ്ടുപോകാം. അതുപോലെ തന്നെ വിവിധ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്കും ചരക്കുനീക്കം നടക്കും. ഇതെല്ലാം ചേര്‍ന്നാവും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. 

∙ നിരവധി രാജ്യങ്ങളില്‍നിന്നുള്ള ആളുകള്‍ എത്തുമ്പോള്‍ ടൂറിസം രംഗത്തിനു വളര്‍ച്ചയുണ്ടാകുന്ന സാധ്യത വിലയിരുത്തിയിട്ടുണ്ടോ. ഇതുസംബന്ധിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമോ?

ടൂറിസം രംഗത്ത് ക്രൂയിസ് ടൂറിസത്തിനു പ്രധാന്യമുള്ള ഘട്ടമാണിത്. അത്തരത്തില്‍ ക്രൂയിസ് ഷിപ്പുകള്‍ എത്തിക്കുന്നതു സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ തന്നെയുള്ള വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാരിടൈം ബോര്‍ഡ് ഒരു ടൂറിസം പദ്ധതി തയാറാക്കുന്നുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി രാജ്യാന്തര ടൂറിസം വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തും. ഇനിയങ്ങോട്ടു വിഴിഞ്ഞം തുറമുഖം കാണാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് ആയിരക്കണക്കിന് ആളുകള്‍ എത്തും. ഈ സാഹചര്യത്തില്‍ ടൂറിസത്തിന് വന്‍സാധ്യതകള്‍ വിഴിഞ്ഞം തുറമുഖം ഒരുക്കും എന്നത് ഉറപ്പാണ്. ഈ സാധ്യതകള്‍ എല്ലാം പരമാവധി പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. 

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ് ‘സാന്‍ ഫെര്‍ണാണ്ടോ’. കോസ്റ്റ് ഗാർഡിന്റെ കപ്പലിൽനിന്നു പകർത്തിയത്. ചിത്രം: ആർ.എസ്.ഗോപൻ / മനോരമ
വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ് ‘സാന്‍ ഫെര്‍ണാണ്ടോ’. കോസ്റ്റ് ഗാർഡിന്റെ കപ്പലിൽനിന്നു പകർത്തിയത്. ചിത്രം: ആർ.എസ്.ഗോപൻ / മനോരമ

∙ മറ്റ് രാജ്യങ്ങളില്‍ വിഴിഞ്ഞം മോഡല്‍ തുറമുഖങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള സാമ്പത്തികനേട്ടം വിലയിരുത്തി അത്തരം മാതൃകകളില്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമമുണ്ടോ? 

സിംഗപ്പുര്‍, മലേഷ്യ, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ തുറമുഖം വഴിയാണു വന്‍വികസനം സാധ്യമായിരിക്കുന്നത്. അക്കാര്യങ്ങളെല്ലാം പരിഗണിച്ച് അവിടെ നടപ്പാക്കിയിട്ടുള്ള ഏതെല്ലാം കാര്യങ്ങള്‍ നമുക്ക് ഗുണകരമാണെന്നു പഠിച്ച് അതൊക്കെ ഇവിടെയും പ്രാവര്‍ത്തികമാക്കും. 

∙ വിഴിഞ്ഞം പദ്ധതിയുടെ അടുത്തഘട്ടങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍?

അടുത്ത ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 19ന് വിഴിഞ്ഞത്ത് നടന്ന പരിപാടിയിൽ ബഹുജനാഭിപ്രായം സ്വീകരിച്ചിരുന്നു. 703 പേര്‍ പങ്കെടുത്തു. നൂറ്റിപ്പത്തോളം അഭിപ്രായങ്ങള്‍ ഉണ്ടായി. ആരും പദ്ധതിയെ എതിര്‍ത്തില്ല. എല്ലാവരും സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ചെറിയ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു നടപ്പാക്കും. ഇതോടെ അടുത്ത ഘട്ട നിര്‍മാണങ്ങളും വേഗത്തിലാകും 

∙ അദാനി ഗ്രൂപ്പുമായുള്ള കരാര്‍ പ്രകാരം നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ഏതൊക്കെ തരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുന്നത്?

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമപരിഗണനകളില്‍ ഒന്നായിരുന്നു വിഴിഞ്ഞം പദ്ധതി. എല്ലാ മാസവും റിവ്യൂ മീറ്റിങ്ങുകള്‍ നടത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയാണു മുന്നോട്ടു പോയത്. മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഇതേരീതിയിലാണു പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ രണ്ടു മാസവും നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ആദ്യഘട്ടത്തില്‍ 5595 കോടി രൂപയുടെ മുതല്‍മുടക്കാണ് വരുന്നത്. അദാനിക്ക് 2454 കോടി രൂപയാണ് മുതല്‍മുടക്ക്. ആകെ വേണ്ടിവരുന്നത് 18,600 കോടിയോളം രൂപയാണ്. രണ്ടും മൂന്നും ഘട്ടത്തില്‍ പണം മുടക്കുന്നത് അദാനിയാണ്. കേന്ദ്രത്തില്‍നിന്നു വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കാന്‍ ത്രികക്ഷി കരാര്‍ ജൂലൈ 27ന് ഒപ്പുവയ്ക്കും.

കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന പോർട്ട് ഓപ്പറേഷൻ 
ബിൽഡിങ്ങിലെ കൺട്രോൾറൂം
ചിത്രം മനോരമ
കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന പോർട്ട് ഓപ്പറേഷൻ ബിൽഡിങ്ങിലെ കൺട്രോൾറൂം ചിത്രം മനോരമ

ഇതോടെ 817.84 കോടി രൂപ കേന്ദ്രത്തില്‍നിന്നു ലഭിക്കും. അദാനിക്കു കൊടുക്കാനുള്ളതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 2100 കോടി രൂപ നബാര്‍ഡില്‍നിന്ന് 8.4% പലിശയ്ക്ക് വായ്പയെടുക്കാന്‍ ധാരണയായി. ആദ്യം പലിശ മാത്രം അടയ്ക്കുകയും സംസ്ഥാന സര്‍ക്കാരിനു വരുമാനം ലഭിക്കുന്ന മുറയ്ക്ക് മുതല്‍ തിരിച്ചടയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് വായ്പ. ഇതിനു പുറമേ വിഴിഞ്ഞം തുറമുഖത്തിനായി സഹായം ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതുവരെ ഒരു രൂപ പോലും കേന്ദ്രം തന്നിട്ടില്ല. റെയില്‍വേ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിനു ഭൂമി ഏറ്റെടുക്കലിനു പുറമേ 1068 കോടി രൂപ വേണ്ടിവരും. 

∙ തുറമുഖ നിര്‍മാണത്തിലെ വെല്ലുവിളികള്‍?

2017ല്‍ തുറമുഖ നിര്‍മാണത്തിന്റെ തുടക്കത്തിലാണ് ഓഖി ദുരന്തം ഉണ്ടാകുന്നത്. ഇതോടെ പുലിമുട്ട് നിര്‍മാണം തന്നെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ടൗട്ടെ ചുഴലിക്കാറ്റ് ഉണ്ടായതോടെ വലിയ തടസങ്ങളാണ് നേരിടേണ്ടിവന്നത്. 2018-19 വെള്ളപ്പൊക്കം. 2020 ആയപ്പോഴേക്കും കോവിഡ് മഹാമാരി എത്തി. ഈ പ്രതിസന്ധികളെല്ലാം മറികടന്ന ഘട്ടത്തിലാണ് വിഴിഞ്ഞത്ത് പ്രക്ഷോഭസമരം ആരംഭിക്കുന്നത്. പല ഘട്ടങ്ങളിലും സമരം അക്രമാസക്തമായി. ആവശ്യത്തിനു പാറ ലഭിക്കാതെ വന്നപ്പോള്‍ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോയാണ് കരിങ്കല്ല് കൊണ്ടുവന്നത്. ഈ സമയങ്ങളിലെല്ലാം ഇടതു സര്‍ക്കാര്‍ സമചിത്തതയോടെയും സഹിഷ്ണുതയോടെയും സംയമനത്തോടെയും വിഷയങ്ങളെ സമീപിച്ചു പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു.

ഇതിന്റെ ഫലമായാണ് ഇപ്പോള്‍ പദ്ധതിയുടെ ട്രയല്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയത്. പല വിഭാഗങ്ങളില്‍നിന്നു വൈകാരികമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മന്ത്രി സജി ചെറിയാനൊപ്പം യോഗങ്ങള്‍ നടത്തി പല വിഷയങ്ങളും പരിഹരിച്ചു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കാതിരിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മിക്കും. അതിന്റെ അലൈന്‍മെന്റ് ആയി. പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചു. പുനെയിലെ സിപിഡബ്ല്യുആര്‍എഫ് ആണ് അത് നിര്‍മിക്കുന്നത്. ഒരു മിനിഹാര്‍ബര്‍ പോലെ ഇതു പ്രവര്‍ത്തിക്കും. 

∙ ആശയത്തിനു തുടക്കമിട്ടത് നായനാര്‍ സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖമെന്ന ആശയത്തെക്കുറിച്ച് ആദ്യമായി പഠനത്തിനു സമിതിയെ നിയോഗിച്ചത് 1996ല്‍ അധികാരത്തിലെത്തിയ ഇ.കെ.നായനാര്‍ സര്‍ക്കാരാണ്. തുടര്‍ന്നു വന്ന എ.കെ.ആന്റണി സര്‍ക്കാര്‍ കൂടുതല്‍ പഠനങ്ങളൊന്നും നടത്താതെ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതലും വിദേശകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. അവര്‍ക്കു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സര്‍ക്കാര്‍ പിന്നീട് ഒന്നും ചെയ്തില്ല. തുടര്‍ന്ന് 2006ല്‍ വി.എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുറമുഖ മന്ത്രിയായിരുന്ന എം.വിജയകുമാറിന്റെ ഇടപെടലിന്റെ ഭാഗമായി കേന്ദ്ര അനുമതിക്കായി നടപടികള്‍ സ്വീകരിച്ചു. വീണ്ടും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും മുന്‍പ് ഭരണം മാറി. വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ ഏറെക്കാലം ഒന്നും ചെയ്യാതിരുന്നു. അവസാനഘട്ടത്തിലാണ് പഴയ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടിക്രമങ്ങളുടെ ഭാഗമായി വീണ്ടും ടെന്‍ഡര്‍ വിളിച്ചത്.

തുടര്‍ന്നാണ് അദാനിയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ആ കരാര്‍ യഥാര്‍ഥത്തില്‍ സംസ്ഥാനതാല്‍പര്യങ്ങള്‍ക്കു ദോഷമായിരുന്നു. ‌ഇടതുപാര്‍ട്ടികള്‍ അന്നു തന്നെ ആ കരാറിനെ എതിര്‍ത്തു. തുറമുഖം കമ്മിഷന്‍ ചെയ്ത് 15 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍. കരാര്‍ ഉണ്ടായെങ്കിലും പദ്ധതിക്കു തുടക്കം കുറിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. പലവിധ പ്രതിസന്ധികള്‍ ഉണ്ടായതു മൂലമാണ് ആദ്യകരാര്‍ പ്രകാരം തുറമുഖ നിര്‍മാണം തീരാതിരുന്നത്.

പിന്നീട് കരാര്‍ പുതുക്കിയാണ് ഡിസംബറില്‍ കമ്മിഷന്‍ ചെയ്യാമെന്ന ധാരണയിലെത്തിയത്. എന്നാല്‍ അതിനു മുന്‍പ് തന്നെ കമ്മിഷനിങ് നടത്താമെന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സന്തോഷവാര്‍ത്ത. അതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടക്കുന്ന ട്രയല്‍ റണ്‍.

English Summary:

Special Interview With VN Vasavan- Vizhinjam Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com