പ്ലസ് വൺ സീറ്റ് ക്ഷാമം: ‘മലപ്പുറം, കാസർകോട് ജില്ലകളില് താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കും’
Mail This Article
തിരുവനന്തപുരം∙ 2024-25 അധ്യയന വർഷത്തിൽ മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായി താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കുകയാണെന്ന് നിയമസഭയെ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ, മലപ്പുറം, കാസർകോട് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർകോട് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് താൽക്കാലികമായി അനുവദിക്കുക.
സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്‌മെന്റുകളുടെ തുടക്കത്തിൽ തന്നെ മുൻവർഷത്തെ 178 താൽക്കാലിക ബാച്ചുകൾ തുടരുന്നതിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു പുറമേ മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 % മാർജിനൽ സീറ്റ് വർധനയും ആവശ്യമുന്നയിക്കുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 % മാർജിനൽ സീറ്റ് വർധനയും അനുവദിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വി.ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് കുറവുളള സീറ്റുകളുടെ എണ്ണം പരിശോധിക്കാനും താൽക്കാലിക അഡീഷനൽ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും അധികൃതരെ ചുമതലപ്പെടുത്തിയിരുന്നതായി വിദ്യാഭ്യാസ മന്ത്രി തന്റെ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം, കാസർകോട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കാൻ തീരുമാനിച്ചതെന്നും ശിവൻകുട്ടി നിയമസഭയെ അറിയിച്ചു