ADVERTISEMENT

വാഷിങ്ടൻ ∙ റഷ്യയും യുക്രെയ്നുമായുള്ള യുദ്ധത്തിനു ഒത്താശ ചെയ്തത് ചൈനയെന്നു കുറ്റപ്പെടുത്തി നാറ്റോ. ബുധനാഴ്ച യുഎസിലെ വാഷിങ്ടനില്‍ ചേർന്ന നാറ്റോയുടെ 75–ാം വാർഷിക ഉച്ചകോടിയിലാണ് റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ആദ്യമായി ചൈനയ്ക്കെതിരെ പരസ്യമായ ആരോപണം ഉന്നയിച്ചത്. യുക്രെയ്ന് എതിരായ റഷ്യൻ ആക്രമണങ്ങളിൽ ചൈന നിര്‍ണായക ശക്തിയാണെന്നും ആയുധങ്ങളും സാങ്കേതിക വിദ്യയും കയറ്റുമതി ചെയ്യുന്നതിൽനിന്നും ചൈനയെ തടയണമെന്നും നാറ്റോ ആവശ്യപ്പെട്ടു. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അവതരിപ്പിച്ച പ്രസ്താവന 32 രാജ്യങ്ങൾ അംഗീകരിച്ചു. 

പ്രസ്താവനയിൽ ബെയ്ജിങ്ങിലെ ആണവായുധ ശേഖരവും ബഹിരാകാശ ശക്തിയും ആശങ്കാജനകമാണെന്ന് നാറ്റോ ഉയര്‍ത്തിക്കാട്ടി. യുദ്ധത്തിനു നൽകുന്ന എല്ലാ പിന്തുണയും അവസാനിപ്പിക്കണമെന്നും ചൈനയോട് നാറ്റോ അഭ്യര്‍ഥിച്ചു. 2019 ലെ കൂടിക്കാഴ്ചയിൽ ചൈന ഭീഷണിയാകുമെന്ന നിരീക്ഷണം നാറ്റോ നടത്തിയിരുന്നെങ്കിലും പരസ്യമായൊരു വിമർശനം ഉന്നയിക്കുന്നത് ആദ്യമാണ്.

റഷ്യയ്ക്കു നൽകി വരുന്ന സായുധ പിന്തുണ നാറ്റോ അപലപിച്ചു. ചൈനയുടെ താൽപര്യങ്ങളെയും പ്രശസ്തിയേയും പ്രതികൂലമായി ബാധിക്കാതെ സമീപകാല ചരിത്രത്തിൽ യൂറോപ്പിലൊരു യുദ്ധം സാധ്യമാക്കാൻ ചൈനയ്ക്കാവില്ലന്നും പ്രഖ്യാപനത്തിൽ പറയുന്നു. റഷ്യയ്ക്കു നൽകുന്ന പിന്തുണ തുടർന്നാൽ അമേരിക്കയും മറ്റു യുറോപ്യൻ രാജ്യങ്ങളും ചൈനയെ വിലക്കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പു നൽകി.  

യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക സഖ്യമായ നാറ്റോയുടെ ത്രിദിന ഉച്ചകോടി വാഷിങ്ടനിൽ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നു കൂടുതൽ പിന്തുണ ഉറപ്പിക്കാനാണ് നാറ്റോയുടെ 75–ാം വാർഷികം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഘടിപ്പിക്കുന്നത്. 35 രാഷ്ട്രത്തലവന്മാരാണു പങ്കെടുത്തത്.

English Summary:

NATO Accuses China of Aiding Russia in Ukraine War, Calls for End to Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com