‘മദർ പോർട്ടിന്റെ മാതാവ് യുഡിഎഫ്; വിഴിഞ്ഞം പദ്ധതി നടപ്പാക്കിയത് അപമാനം സഹിച്ചും ആരോപണങ്ങൾ കേട്ടും’
Mail This Article
കോട്ടയം∙ വിഴിഞ്ഞം തുറമുഖത്തിന്റെ മാതാവ് യുഡിഎഫാണെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ബാബു. പിതൃത്വത്തെ കുറിച്ചൊക്കെ തർക്കമുണ്ടാകാറുണ്ട്. പക്ഷേ, മാതൃത്വത്തെ കുറിച്ച് ഒരിക്കലും തർക്കമുണ്ടാകാറില്ല. വിഴിഞ്ഞത്തിന്റെ മാതാവ് ആരാണെന്നതിനെപ്പറ്റി ഒരു തർക്കമുണ്ടായാൽ കേരളത്തിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ യുഡിഎഫിന് ഒപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് അപമാനം സഹിച്ചും ആരോപണങ്ങൾ കേട്ടുമാണ് ഞങ്ങൾ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി മുന്നോട്ടു നീങ്ങിയത്. തുറമുഖം യാഥാർഥ്യമാക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ക്രിയാത്മകവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങൾ നടത്തി തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കുന്നത് ശരിയല്ലെന്നും കെ.ബാബു മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
∙ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിനെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്?
തുറമുഖം യാഥാർഥ്യമാകുമ്പോൾ വളരെയേറെ സന്തോഷം ഞങ്ങൾക്കെല്ലാമുണ്ട്. ഈ തുറമുഖം അസാധ്യമാണെന്നു തോന്നുന്ന ഒരു പശ്ചാത്തലത്തിലാണു ഞങ്ങൾ 2011ൽ അധികാരത്തിലെത്തിയത്. അതിനു മുൻപ് വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടമെന്നു പറഞ്ഞൊരു ഉദ്ഘാടനം വിഎസ് സർക്കാരിന്റെ കാലത്ത് കഴിഞ്ഞിരുന്നു. 60 ലക്ഷം രൂപ ചെലവഴിച്ച് 600 മീറ്റർ റോഡിന്റെ ഉദ്ഘാടനം മാത്രമായിരുന്നു അത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പാരിസ്ഥിതിക അനുമതിയായിരുന്നു. അതിനുവേണ്ടി ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കാനുള്ള യാതൊരു ശ്രമവും നടന്നിരുന്നില്ല.
ഞങ്ങൾ വന്നശേഷം പാരിസ്ഥിതിക പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസിനുള്ള അനുമതി ഉൾപ്പെടെ വാങ്ങുകയും പാരിസ്ഥിതിക പഠനം ആരംഭിക്കുകയും ചെയ്തു. പഠനത്തിനു ദീർഘകാലം സമയമെടുത്തു. ഞങ്ങളുടെ കാലത്ത് ഈ പദ്ധതി നടക്കുമോയെന്ന് പലരും ചോദിച്ചു. എന്നാൽ അതിവേഗത്തിൽ ഒരു ഭാഗത്ത് പരിസ്ഥിതി പഠനവും മറുഭാഗത്ത് ആഗോള ടെൻഡർ വിളിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയി. പാരിസ്ഥിതിക അനുമതി നേടിയെടുത്തതു വളരെ ബുദ്ധിമുട്ടിയാണ്. തിരുവനന്തപുരത്തുള്ള പല ആളുകളും സുപ്രീംകോടതിയിൽ വരെ കേസ് കൊടുത്ത് തടസപ്പെടുത്താൻ നോക്കിയിരുന്നു. പാരിസ്ഥിതിക അനുമതി കിട്ടിയതു രാത്രിയാണ്. പിറ്റേദിവസം രാവിലെ പത്തുമണിക്ക് ആഗോള ടെൻഡറിന് അപേക്ഷ ക്ഷണിച്ചു.
∙ അദാനി ഈ പദ്ധതിയിലേക്ക് വരുന്നതാണല്ലോ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്?
വിഴിഞ്ഞം പദ്ധതി വെള്ളാനയാണെന്നായിരുന്നു വിഎസ് സർക്കാരിന്റെ കാലത്തെ പഠന റിപ്പോർട്ട്. ആഗോള ടെൻഡറിന് അപേക്ഷ ക്ഷണിച്ചിട്ടും ആരും മുന്നോട്ടുവന്നില്ല. അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് വയബലറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തെ പല എതിർപ്പുകളും മാറ്റിയെടുത്തു. ആരും ടെൻഡറിൽ പങ്കെടുക്കാത്തതു കൊണ്ട് ഡൽഹിയിലും മുംബൈയിലും തിരുവനന്തപുരത്തുമെല്ലാം നിക്ഷേപകരുടെ യോഗം വിളിച്ചുകൂട്ടി. എന്നാൽ ആരും ധൈര്യം കാണിച്ചില്ല.
അങ്ങനെയൊരു സന്ദർഭത്തിൽ ഗൗതം അദാനിയുമായി ചർച്ച നടത്താൻ ഞങ്ങൾ തീരുമാനിച്ചു. അന്നത്തെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി, വിസിൽ എംഡി, ഡൽഹി റസിഡന്റ് കമ്മിഷണൽ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണു ചർച്ച നടന്നത്. ടെൻഡറിൽ പങ്കെടുക്കണമെന്ന് അദാനിയോട് ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു. അങ്ങനെയാണ് അവർ ടെൻഡറിൽ പങ്കെടുക്കുന്നത്. എന്നാൽ അന്നത്തെ പ്രതിപക്ഷമായിരുന്ന എൽഡിഎഫ് ഉന്നയിച്ച പ്രധാന ആക്ഷേപം അദാനിയുമായി ഞങ്ങൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു മിനിറ്റ്സില്ലെന്നായിരുന്നു എന്നാണ്. സാധാരണ ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾക്ക് മിനിറ്റ്സൊന്നും ഉണ്ടാകാറില്ല. ഓരോ സംരംഭകരെയും നേരിൽ കാണുകയും അവരോടു സംസാരിക്കുകയും ചെയ്യുന്ന പതിവ് അന്നും ഇന്നുമുണ്ട്.
∙ അദാനിയുമായുള്ള കരാറും വലിയ ആക്ഷേപങ്ങൾക്ക് വഴിയൊരുക്കിയല്ലോ?
അതിന്റെ പ്രധാന കാരണക്കാരൻ അന്നത്തെ സിപിഎം പാർട്ടി സെക്രട്ടറിയായ ഇന്നത്തെ മുഖ്യമന്ത്രിയാണ്. 1500 കോടിയുടെ പദ്ധതിയാണ് ഒന്നാംഘട്ടത്തിൽ വിഭാവനം ചെയ്തത്. എന്നാൽ 6500 കോടിയുടെ അഴിമതിയെന്നായിരുന്നു പിണറായി പറഞ്ഞത്. അങ്ങനെ ഈ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം നടത്തി. ഞങ്ങൾ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വരെ സിപിഎം എതിർപ്പ് ഉന്നയിച്ചു. 40 വർഷം അദാനിക്ക് തുറമുഖം കൊടുക്കുന്നതു ശരിയല്ലെന്നു പറഞ്ഞു. ഇപ്പോൾ 45 കൊല്ലത്തേക്കാണു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അന്നത്തെ പ്രതിപക്ഷം ഉദ്ഘാട ചടങ്ങിൽ പങ്കെടുത്തുമില്ല.
∙ അന്ന് എന്ത് ധൈര്യത്തിലാണ് ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപനം നടത്തിയത്?
കൗണ്ട് ഡൗൺ ബോർഡ് വച്ചുകൊണ്ടാണ് നവംബർ ഒന്നിന് ഈ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 480 കോടി രൂപയുടെ ഒരു പാക്കേജും പ്രഖ്യാപിച്ചിരുന്നു. ഭൂമിയേറ്റെടുപ്പ് ഏതാണ്ട് 90 ശതമാനവും പൂർത്തിയാക്കി. അങ്ങനെ വളരെ വേഗത്തിലാണ് യുഡിഎഫ് സർക്കാർ തുറമുഖ നിർമാണം ആരംഭിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ പദ്ധതി വൈകിപ്പിച്ചു.
∙ പദ്ധതിയുടെ ക്രെഡിറ്റ് യുഡിഎഫിനു മാത്രം അവകാശപ്പെട്ടതാണോ?
പിതൃത്വത്തെ കുറിച്ചൊക്കെ തർക്കമുണ്ടാകാറുണ്ട്. പക്ഷേ, മാതൃത്വത്തെ കുറിച്ച് ഒരിക്കലും തർക്കമുണ്ടാകാറില്ല. വിഴിഞ്ഞത്തിന്റെ മാതാവ് ആരാണെന്നതിനെപ്പറ്റി ഒരു തർക്കമുണ്ടായാൽ കേരളത്തിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ യുഡിഎഫിന് ഒപ്പം തന്നെ നിൽക്കും. അന്നത്തെ പ്രതിപക്ഷത്തിന്റെ വാക്കും കേട്ട് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്നും തുറമുഖം യാഥാർഥ്യമാകില്ലായിരുന്നു.
∙ കോൺഗ്രസിനുള്ളിൽ നിന്നും പദ്ധതിക്ക് എതിർപ്പുണ്ടായിരുന്നല്ലോ?
അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ, അതൊന്നും ഇപ്പോൾ പ്രസക്തമല്ലാത്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. ഒരുപാട് അപമാനം സഹിച്ചും ആരോപണങ്ങൾ കേട്ടുമാണ് ഞങ്ങൾ മുന്നോട്ടുപോയത്. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി കണ്ടുപിടിക്കാൻ ഒരു ജുഡീഷ്യൽ കമ്മിഷനെ എൽഡിഎഫ് സർക്കാർ നിയമിച്ചിരുന്നു. ആ കമ്മിഷൻ റിപ്പോർട്ട് കുറേക്കാലം പൂഴ്ത്തിവച്ചു. ഒരു അഴിമതിയും കണ്ടെത്തിയില്ല. മത്സ്യത്തൊഴിലാളികളെ ഞങ്ങൾ വഞ്ചിച്ചിരുന്നില്ല. പക്ഷേ, അവരെക്കൂടി പറ്റിച്ച്, പാക്കേജുകൾ അട്ടിമറിച്ചാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്.
∙ തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന അഭിപ്രായത്തോട് നിലപാടെന്താണ്?
അതൊക്കെ സർക്കാർ തീരുമാനിക്കേണ്ട കാര്യമാണ്. ഉമ്മൻ ചാണ്ടിയുടെ പേര് തുറമുഖത്തിന് ഇട്ടാൽ വലിയ സന്തോഷം. ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. ഈ തുറമുഖം യാഥാർഥ്യമാക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ക്രിയാത്മകവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങൾ നടത്തി തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോയ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കുന്നത് ശരിയല്ല.
∙ പ്രതിപക്ഷ നേതാവിനെ പോലും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലല്ലോ?
സർക്കാരിന്റെ മനോഭാവമാണ് അതൊക്കെ തെളിയിക്കുന്നത്.