വിഴിഞ്ഞത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോര്; തുറമുഖം ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് നാളെ യുഡിഎഫ് പ്രതിഷേധം
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ആദ്യമെത്തിയ കപ്പലിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കാനിരിക്കെ പ്രതിഷേധവുമായി യുഡിഎഫ്. നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ വൈകിട്ട് പ്രകടനം നടത്തുമെന്നും ഹസന്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ക്ഷണിക്കാതിരുന്നതാണ് രാഷ്ട്രീയപ്പോരിന് ഇടയാക്കിയിരിക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപിയും പങ്കെടുക്കുമെന്ന് എം.വിന്‍സെന്റ് എംഎല്‍എയും പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം ആരുടെ കുഞ്ഞാണെന്നതു സംബന്ധിച്ചാണ് ഭരണ-പ്രതിപക്ഷ പോര് കടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ഥ ശില്‍പിയെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ മികച്ച നേതൃത്വമാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ പറയുന്നു.