ജഗനെ പൂട്ടാനുറച്ച് നായിഡു; മുൻ മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസ്
Mail This Article
അമരാവതി∙ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഗുണ്ടൂർ പൊലീസ്. ടിഡിപി എംഎൽഎ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പൊലീസിന്റെ സിഐഡി വിഭാഗം മുൻ മേധാവി പി.വി.സുനിൽ കുമാർ, ഇന്റലിജൻസ് വിഭാഗം മേധാവി പി.എസ്.ആർ.ആഞ്ജനേയലു എന്നിവരുൾപ്പെടെ നാലുപേർ കൂടി കേസിലെ പ്രതികളാണ്.
വധശ്രമം, കസ്റ്റഡി മർദനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് എംഎൽഎ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡു അധികാരത്തിൽ എത്തിയതിനു പിന്നാലെ നിരവധി അഴിമതി ആരോപണങ്ങൾ ജഗനെതിരെ ഉയർന്നിരുന്നു. രുഷികൊണ്ടയിലെ ആഡംബര വസതിയുടെ നിർമാണം, ഔദ്യോഗിക വസതികളിൽ കോടികൾ ചെലവഴിച്ചു തുടങ്ങി ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് ജഗനെതിരെ ടിഡിപി ഉന്നയിച്ചിരിക്കുന്നത്.