‘ഉമ്മൻചാണ്ടിയുണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു; വിഴിഞ്ഞത്തിന്റെ പ്രവർത്തനം തുടങ്ങിയത് ക്ലീൻ സ്ലേറ്റിൽനിന്ന്’
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിൽ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഹിച്ച പങ്കിനെക്കുറിച്ചും ട്രയണ്‍ റണ്‍ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭാവത്തെക്കുറിച്ചും പരാമര്‍ശിച്ച് കോവളം എംഎല്‍എ എം.വിന്‍സെന്റ്. ഒരു ‘ക്ലീന്‍ സ്ലേറ്റില്‍’നിന്നാണ് ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് എം.വിന്‍സെന്റ് പറഞ്ഞു. തുറമുഖത്തിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുന്നതുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.
സാമൂഹിക ആഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും എല്ലാം നടത്തി കേസുകള്‍ മറികടന്നു. പദ്ധതിക്കു തുടക്കം കുറിച്ച് കരാര്‍ ഒപ്പിട്ടു. പദ്ധതി പൂര്‍ത്തീകരണം മുന്‍സര്‍ക്കാരുകളുടെ പ്രവര്‍ത്തന തുടര്‍ച്ചയാണ്. വിഴിഞ്ഞത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി ഏറെ പഴികേട്ടു. വിജിലന്‍സ് അന്വേഷണം വരെ ഉണ്ടായി. എന്നാല്‍ അതിനെയെല്ലാം അദ്ദേഹം മറികടന്നു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സന്തോഷിക്കുമായിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരും പദ്ധതിയുടെ തടസങ്ങള്‍ നീക്കി മുന്നോട്ടുപോയി എന്നതില്‍ തര്‍ക്കമില്ല. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ ഭിന്നത പാടില്ല. ഇന്നത്തെ ഈ വേദിയില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നുവെന്നും വിന്‍സെന്റ് പറഞ്ഞു.