ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. അതേസമയം തീരുമാനത്തെ എതിർത്ത് കോൺഗ്രസ് രംഗത്തെത്തി.

1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യപരമായി രാജ്യത്തിനു മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതെന്ന് ഉത്തരവിന്റെ  പകർപ്പ് പങ്കുവച്ചുകൊണ്ട് നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കിയ ദിവസങ്ങളിൽ, ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകൾ ജയിലിലേക്ക് വലിച്ചെറിയപ്പെട്ടു. മാധ്യമങ്ങളെയടക്കം നിശബ്ദമാക്കിയ ജൂൺ 25 ഇനി എല്ലാ വർഷവും 'സംവിധാൻ ഹത്യ ദിവസ്' (ഭരണഘടനാ ഹത്യാദിനം) ആയി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ ഇരുണ്ട അധ്യായമെന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് 1975 ജൂൺ 25ന് സംഭവിച്ചതെന്നും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിനിടെ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടുള്ള ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ പ്രസ്താവനയക്ക് പിന്നാലെ വലിയ പ്രതിപക്ഷ ബഹളത്തിന് ലോകസഭാ സാക്ഷ്യം വഹിച്ചിരുന്നു.

English Summary:

Emergency Day June 25 to be observed as Samvidhaan Hatya diwas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com