അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം; ‘മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് കേജ്രിവാളിന് തീരുമാനിക്കാം’
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണു ജാമ്യം. ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തന്നെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമാണ്. നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. അതിനാല്‍ അറസ്റ്റ് നിലനിൽക്കില്ലെന്നും കേജ്‌രിവാൾ വാദിച്ചു. മുൻപ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിനു തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് പറഞ്ഞാണ് കോടതി ഹർജി മൂന്നംഗ ബെഞ്ചിനെ ഏൽപ്പിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കേജ്‌രിവാളിന്റെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്. 90 ദിവസത്തിലധികം കേജ്‌രിവാൾ ജയിൽവാസം അനുഭവിച്ചുകഴിഞ്ഞു. അദ്ദേഹം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അതിനാൽ സ്ഥാനമൊഴിയാണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും അത് അദ്ദേഹത്തിനു തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.