ഹൗസ് സർജൻമാർക്ക് വിശ്രമം അനിവാര്യം; നിർദേശിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
Mail This Article
കോഴിക്കോട്∙ ഹൗസ് സർജൻമാർക്ക് കൃത്യമായ വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഹൗസ് സർജൻമാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങള്‍ എല്ലാ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലും നടപ്പിലാക്കാനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് നൽകിയ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിലെ ഓർത്തോ വകുപ്പുകളിൽ 30 മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതു ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാനും മനുഷ്യാവകാശ കമ്മിഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ കൃത്യമായ വർക്കിംഗ് മാനുവൽ ഇല്ലെന്നായിരുന്നു മറ്റൊരു പരാതി. അക്കാദമിക മികവ് നേടുന്നതിനു പകരം മറ്റു ജോലികളാണ് ചെയ്യിപ്പിക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷന്റെ 2022 ലെ ഉത്തരവ് കൃത്യമായി നടപ്പിലാക്കണമെന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനന്ദു നൽകിയ ഈ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.