കമല ഹാരിസിന് പകരം ട്രംപ്, സെലെൻസിക്ക് പകരം പുട്ടിൻ; നാക്കുപിഴച്ച് ജോ ബൈഡൻ
Mail This Article
ന്യുയോർക്ക്∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വാർത്താ സമ്മേളനത്തിൽ നാക്കുപിഴ. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ഡോണൾഡ് ട്രംപിന്റെ പേരാണ് ബൈഡൻ പറഞ്ഞത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്കു പകരം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരും പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ആരോഗ്യകാരണങ്ങളാൽ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്നു തന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പില്‍നിന്ന് പിൻമാറില്ലെന്ന് ബൈഡൻ വ്യക്തമാക്കി. വ്ലാഡിമിർ പുട്ടിന്റെ പേരു തെറ്റായി പറഞ്ഞത് പിന്നീട് ബൈഡന്‍ തിരുത്തി.
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നു കൂടുതൽ പിന്തുണ ഉറപ്പിക്കാനായി വാഷിങ്ടനിൽ വച്ചു നടന്ന 75–ാമത് നാറ്റോ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് 81–കാരൻ ബൈഡന്റെ നാക്കുപിഴ. 2023 നവംബറിനു ശേഷം ആദ്യമായാണ് പ്രസിഡന്റ് ഒറ്റയ്ക്കു വാർത്താസമ്മേളനം നടത്തുന്നത്. ബൈഡനെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്നു മാറ്റി പകരം കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ആവശ്യം ഡെമോക്രാറ്റിക് പാർട്ടിക്കകത്തുനിന്നു തന്നെ ഉയരുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. അപ്പോഴാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം പ്രസിഡന്റ് ട്രംപ് എന്നു ബൈഡൻ തെറ്റായി പറഞ്ഞത്.