ആകാശ് ഓടിച്ച ജീപ്പ് അടിമുടി രൂപമാറ്റം വരുത്തി, വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി; ‘കയറിയത് റീൽസ് എടുക്കാൻ’
Mail This Article
പനമരം (വയനാട്) ∙ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് പനമരം ടൗണിലൂടെ ഓടിച്ച ജീപ്പ് വലിയ രീതിയിൽ രൂപമാറ്റം വരുത്തിയിരുന്നതായി പൊലീസ്. എൻജിനും, ഗിയർ ബോക്സും, ടയറുമെല്ലാം മാറ്റിയാണ് നിരത്തിലിറക്കിയത്. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് ഉപയോഗിച്ച വലിയ ടയറുകൾ മാറ്റിയശേഷമാണ് ജീപ്പ് സ്റ്റേഷനിൽ ഹാജരാക്കിയത്.
ആകാശിനൊപ്പം ജീപ്പിലുണ്ടായിരുന്ന പനമരം സ്വദേശി ഷൈജലാണു ജീപ്പ് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കേടുപാടുണ്ടായതിനാൽ ടിപ്പർ ഉപയോഗിച്ചു കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുവന്നത്. ഒട്ടേറെ കേസുകളിൽ പ്രതിയായ ഷൈജലിനെ ഇന്നലെ പൊലീസ് ഒന്നര മണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഷൈജലിന്റെ കൂളിവയലിലുള്ള ബന്ധുവീട്ടിൽ ജീപ്പിന്റെ വലിയ ടയറുകൾ ടാർപായ കൊണ്ടു മൂടിയിട്ട നിലയിൽ കണ്ടെത്തി. കണ്ണൂരിൽ വച്ചാണ് ആകാശിനെ പരിചയപ്പെട്ടതെന്നും കഴിഞ്ഞ 7ന് ഉച്ചയോടെ പനമരം കോഫി ഹൗസിൽ വീണ്ടും കണ്ടപ്പോൾ റീൽ എടുക്കാനാണ് ജീപ്പിൽ യാത്ര ചെയ്തതെന്നും ഷൈജൽ പറയുന്നു.
ആർസി പ്രകാരം 2002 മോഡൽ ജീപ്പാണ്. കരസേനയുടെ ഭാഗമായിരുന്ന വാഹനം 2017ൽ ലേലം ചെയ്തു. പഞ്ചാബിൽ റജിസ്ട്രേഷൻ ചെയ്ത വാഹനം തൊട്ടടുത്ത വർഷമാണ് മലപ്പുറത്ത് റീ റജിസ്ട്രേഷൻ ചെയ്തത്. 2 വർഷം മുൻപ് രണ്ടര ലക്ഷം രൂപയ്ക്ക് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനിൽനിന്നാണു ജീപ്പ് വാങ്ങിയത്. ഒരു ലക്ഷം രൂപ ബാക്കി കൊടുക്കാനുള്ളതിനാൽ ആർസിയിൽ നിന്നു പേരു മാറ്റിയിരുന്നില്ലെന്നും ഷൈജൽ പറയുന്നു.