ഐപിഎലിനിടെ മുംബൈയിൽ ‘മലപ്പുറം ബോയ്സി’ന്റെ പോരാട്ടം; കോലിയുടെ സിക്സറിൽ തളരാതെ പടിക്കലിന്റെ വിക്കറ്റെടുത്ത് വിഘ്നേഷ്– വിഡിയോ

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ബെംഗളൂരു– മുംബൈ മത്സരത്തിൽ നേർക്കുനേർ വന്നത് രണ്ടു മലയാളികൾ കൂടിയായിരുന്നു– ബെംഗളൂരു താരം ദേവ്ദത്ത് പടിക്കലും മുംബൈ താരം വിഘ്നേഷ് പുത്തൂരും. ടീമുകൾ തമ്മിലുള്ള പോരാട്ടം ഒരു ഘട്ടത്തിൽ ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി മാറുന്നതും കളത്തിൽ കണ്ടു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക താരമാണെങ്കിലും ദേവ്ദത്തിന്റെ മാതാപിതാക്കൾ മലയാളികളാണ്. വിഘ്നേഷ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും.
മത്സരത്തിൽ ലഭിച്ച ഒരേയൊരു ഓവറിൽ മനോഹരമായ ഒരു ഫ്ലൈറ്റഡ് പന്തിലൂടെ ദേവ്ദത്തിനെ ബൗണ്ടറി ലൈനിൽ വിൽ ജാക്സിന്റെ കൈകളിൽ എത്തിച്ച വിഘ്നേഷ് താരമാവുകയും ചെയ്തു. സൂപ്പർതാരം വിരാട് കോലിക്കൊപ്പം തകർപ്പൻ അർധസെഞ്ചറി കൂട്ടുകെട്ടുമായി ആർസിബിക്ക് കൂറ്റൻ സ്കോറിന് അടിത്തറയിട്ടതിനു പിന്നാലെയാണ് പടിക്കലിനെ പുറത്താക്കി മുംബൈയ്‌ക്ക് വിഘ്നേഷ് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടിയ ഫിൽ സോൾട്ട് (2 പന്തിൽ 4) നല്ല തുടക്കം നൽകിയെങ്കിലും അടുത്ത പന്തിൽ സോൾട്ടിന്റെ സ്റ്റംപ് തെറിപ്പിച്ച് ട്രെന്റ് ബോൾട്ട് തിരിച്ചടിച്ചു. അതോടെ ബെംഗളൂരു പ്രതിരോധത്തിലാകുമെന്നു തോന്നിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി– ദേവ്ദത്ത് പടിക്കൽ (22 പന്തിൽ 37) സഖ്യം കൗണ്ടർ അറ്റാക്ക് ആരംഭിച്ചതോടെ പവർപ്ലേയിൽ ബെംഗളൂരു സ്കോർ 73ൽ എത്തി.
ദീപക് ചാഹർ എറിഞ്ഞ 6–ാം ഓവറിൽ 2 സിക്സും ഒരു ഫോറുമടക്കം 20 റൺസാണ് കോലി– ദേവ്ദത്ത് സഖ്യം നേടിയത്. ഇതിനിടെ 29 പന്തിൽ കോലി അർധസെഞ്ചറി തികച്ചു. വിഘ്നേഷിന്റെ പന്തിൽ തകർപ്പനൊരു സിക്സറിലൂടെയാണ് കോലി അർധസെഞ്ചറി കടന്നത്. ട്വന്റി20 കരിയറിൽ കോലിയുടെ 99–ാം അർധ സെഞ്ചറിയാണിത്. ഈ കൂട്ടുകെട്ട് മുംബൈയ്ക്ക് ഭീഷണിയാകുമെന്നു തോന്നിച്ച ഘട്ടത്തിലാണ് 9–ാം ഓവർ എറിയാനെത്തിയ മലയാളി താരം വിഘ്നേഷ് പുത്തൂർ ദേവ്ദത്തിനെ വീഴ്ത്തി മുംബൈയ്ക്കു ബ്രേക് ത്രൂ നൽകിയത്.
സിക്സറിനു പിന്നാലെ സിംഗിളെടുത്ത് കോലി സ്ട്രൈക്ക് പടിക്കലിനു കൈമാറി. ഓവറിലെ അവസാന പന്തിൽ പടിക്കലിനെ വിൽ ജാക്സിന്റെ കൈകളിലെത്തിച്ച് വിഘ്നേഷ് കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. രണ്ടാം വിക്കറ്റിൽ 52 പന്തിൽ 91 റൺസാണ് ഇരുവരും ചേർന്നു നേടിയത്. അതേസമയം, പിന്നീട് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ വിഘ്നേഷിന് ബോളിങ്ങിന് അവസരം നൽകിയില്ല. മാത്രമല്ല, 16–ാം ഓവറിൽ മലയാളി താരത്തെ പിൻവലിച്ച് സൂപ്പർതാരം രോഹിത് ശർമയെ ഇംപാക്ട് സബ്ബായി ഇറക്കുകയും ചെയ്തു.