സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
Mail This Article
ജയ്പുർ ∙ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചതിനു സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പുലർച്ചെ 4 മണിയോടെ ജയ്പുർ വിമാനത്താവളത്തിലെ ‘വെഹിക്കിൾ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ചതു തടഞ്ഞ എഎസ്ഐയെയാണ് എയർലൈനിലെ ഫുഡ് സൂപ്പർവൈസറായ യുവതി അടിച്ചത്.
ആവശ്യമായ തിരിച്ചറിയൽ രേഖകളുണ്ടായിട്ടും യുവതിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി സമയത്തിനുശേഷം വീട്ടിലെത്തി കാണാൻ ആവശ്യപ്പെടുകയും ചെയ്തതായി സ്പൈസ് ജെറ്റ് അധികൃതർ പ്രതികരിച്ചു. ഉദ്യോഗസ്ഥനെ നിയമപരമായി നേരിടുമെന്നും സ്പൈസ് ജെറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
നാലു സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് എഎസ്ഐ ഗിരിരാജ് പ്രസാദ് യുവതിയെ തടഞ്ഞത്. സുരക്ഷാ പരിശോധനയ്ക്കു ഹാജരാകാനും ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ സുരക്ഷാ പരിശോധനയ്ക്ക് യുവതി തയാറായില്ല. എസ്ഐയുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥ എത്തുന്നതിനു മുൻപു തന്നെ ഇവർ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിച്ചു.
യുവതിയുടെ പക്കൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നൽകിയ കൃത്യമായ രേഖകളുണ്ടായിരുന്നുവെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി. അകാരണമായി ഇവരെ ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. മോശമായ രീതിയിൽ പെരുമാറിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.