ബീക്കൺ ലൈറ്റുള്ള കാറിന് 21 തവണ നോട്ടിസ്, 26,000 രൂപ പിഴയടച്ചില്ല; പൂജയെ പിരിച്ചുവിട്ടേക്കും
Mail This Article
മുംബൈ ∙ സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപ്പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർക്കെതിരെ കർശന നടപടിക്ക് സാധ്യത. പൂജയ്ക്കെതിരെ കേന്ദ്രം നിയോഗിച്ച ഏകാംഗ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. വീഴ്ചകൾ കണ്ടെത്തിയാൽ ജോലിയിൽനിന്ന് പിരിച്ചുവിടാനും വ്യാജരേഖ ചമച്ചതിനു കേസെടുക്കാനും സാധ്യതയുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതും കമ്മിറ്റി അന്വേഷിക്കും. ശരിയായ മെഡിക്കൽ സർട്ടിഫിക്കറ്റുകളാണോ നൽകിയതെന്നാണ് പരിശോധിക്കുന്നത്. സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. പിന്നാക്ക വിഭാഗത്തിലുള്ള ആളാണെന്ന സർട്ടിഫിക്കറ്റ് നൽകിയതിനെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്.
തനിക്ക് കാഴ്ചപരിമിതിയുണ്ടെന്ന് തെളിയിക്കുന്നതിന് ആരോഗ്യസർട്ടിഫിക്കറ്റ് ഹാജരാക്കാൻ പൂജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാർ നിർദേശിച്ച ആരോഗ്യപരിശോധനകളും പൂർത്തിയാക്കിയിട്ടില്ല. കേന്ദ്ര പഴ്സനൽ മന്ത്രാലയം അന്വേഷണ റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാരിനു കൈമാറും. തെറ്റു കണ്ടെത്തിയാൽ മഹാരാഷ്ട്ര സർക്കാരിന് ഉദ്യോഗസ്ഥയെ പിരിച്ചുവിടാം. മഹാരാഷ്ട്ര കേഡറിലുള്ള ഉദ്യോഗസ്ഥയാണ് പൂജ.
പൂജ ഉപയോഗിച്ചിരുന്ന ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ആഡംബരക്കാർ സ്വകാര്യ എൻജിനീയറിങ് കമ്പനിയുടേതാണെന്നു കണ്ടെത്തിയതിനു പിന്നാലെ കാറുടമയ്ക്ക് പുണെ ആർടിഒ നോട്ടിസ് അയച്ചു. ഗതാഗത നിയമലംഘനങ്ങൾക്ക് ഈ വാഹനത്തിന് 21 തവണയായി 26,000 രൂപയുടെ ചലാൻ ലഭിച്ചെങ്കിലും പിഴ അടച്ചിട്ടില്ല. കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു. കാർ ഉടൻ ഹാജരാക്കാനാണ് ആർടിഒ നോട്ടിസ് നൽകിയത്. പൂജയ്ക്കു 22 കോടിയുടെ സ്വത്തുണ്ടെന്നാണ് റിപ്പോർട്ട്.