ഇന്ന് ശനിയല്ലേ, ആളെ കണ്ടില്ലല്ലോ; എല്ലാ ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ്!
Mail This Article
ഫത്തേപുർ (ഉത്തർപ്രദേശ്)∙ എല്ലാ ശനിയാഴ്ചയും പാമ്പിന്റെ കടിയേൽക്കുന്ന യുവാവ്! ഉത്തർപ്രദേശിലെ ഫത്തേപുർ സ്വദേശിയായ വികാസ് ദുബെയെ (24) 40 ദിവസത്തിനിടെ പാമ്പ് കടിച്ചത് ഏഴു തവണ. യുവാവ് പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി അധികൃതർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
പാമ്പ് കടിച്ചതിന് ധനസഹായം ആവശ്യപ്പെട്ട് യുവാവ് അധികൃതരെ സമീപിച്ചിരുന്നു. ‘‘യുവാവ് കരഞ്ഞു കൊണ്ട് കലക്ട്രേറ്റിലെത്തി. പാമ്പ് കടിച്ചതിന് ചികിത്സിക്കാൻ കുറേ പണം ചെലവായെന്നും ധനസഹായം വേണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ ഞങ്ങൾ നിർദേശിച്ചു’’– ചീഫ് മെഡിക്കൽ ഓഫിസർ രാജീവ് നയൺ ഗിരി എഎൻഐയോട് പറഞ്ഞു. എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കുന്നു എന്നു യുവാവ് പറയുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘പാമ്പാണോ കടിച്ചതെന്നു പരിശോധനയിൽ ഉറപ്പാക്കേണ്ടതുണ്ട്. യുവാവിനെ ചികിത്സിച്ച ഡോക്ടറോടും വിവരങ്ങൾ തേടണം. എല്ലാ ശനിയാഴ്ചയും പാമ്പു കടിക്കുന്നതും, ഒരേ ആശുപത്രിയിൽ ചികിത്സ തേടുന്നതും, വേഗം സുഖം പ്രാപിക്കുന്നതും ദുരൂഹമാണ്’’– രാജീവ് പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെ അന്വേഷണത്തിനുശേഷം യഥാർഥ കാരണം പുറത്തുവിടും.