സംസ്ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്; ബീച്ച് യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസം അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും തിങ്കളാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 18 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് പ്രവചനം.