ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിൽ രണ്ടു പകലുകൾ പിന്നിട്ട ജോയിക്കു വേണ്ടിയുള്ള തിരച്ചിലിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തകർ. ആരുമൊന്ന് ഇറങ്ങാൻ മടിക്കുന്ന, കണ്ടാൽ അറയ്ക്കുന്ന, ദുർഗന്ധം വമിയ്ക്കുന്ന മാലിന്യ കൂമ്പാരത്തിൽ തങ്ങളുടെ ജീവൻ മറന്നാണ് രക്ഷാപ്രവർത്തകർ ജോയിക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. മനുഷ്യരെ ഭയക്കാതെ റെയിൽവേ പാളങ്ങൾക്കിടയിലൂടെയും തോട്ടിലൂടെയും ഓടുന്ന എലികൾക്കിടയിലൂടെയാണ് ജോയിക്കു വേണ്ടിയുള്ള ഈ ആത്മസമർപ്പണം. മാരായമുട്ടത്തെ വീട്ടിൽ മകനെ കാത്തിരിക്കുന്ന അമ്മയ്ക്കു മുന്നിൽ ജീവനോടെ ജോയിയെ എത്തിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. 

മുന്നണിയിൽ ഫയർഫോഴ്സ്

ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ ഉൾപ്പെടെ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. രാജാജി നഗർ, ചാക്ക, വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ, പാറശാല, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. 100 അംഗ ഫയർഫോഴ്സ് സംഘത്തിൽ മറ്റു ജില്ലകളിൽ ഉള്ളവരും അണിചേരും. രാജാജി നഗർ ഫയർ സ്റ്റേഷനിലെ അഞ്ചു വനിതാ അഗ്നിശമന സേനാ ജീവനക്കാരും തിരച്ചിലിനായുണ്ട്.

ആഴത്തിലിറങ്ങാൻ സ്കൂബ ടീം 

തിരുവനന്തപുരത്തു നിന്ന് പതിനാലും കൊല്ലം ജില്ലയിൽ നിന്ന് അഞ്ച് സ്കൂബ അംഗങ്ങളും. ആഴത്തിലേക്കിറങ്ങി തിരച്ചിൽ നടത്താൻ സ്കൂബാ സംഘത്തിനു ഓക്സിജൻ സിലിണ്ടർ, മാസ്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. പോർട്ടബിൾ മൈക്കും ബ്രീത്തിങ് എയർകംപ്രസറും ഗ്യാസ് ഡിറ്റക്ടറും ഉപയോഗിക്കുന്നു. വലിയ കയർ, വെള്ളത്തിന്റെ അടിയിൽ ഉപയോഗിക്കുന്ന ശക്തമായ വെളിച്ചമുള്ള ടോർച്ച് എന്നിവയുമുണ്ട്. മാൻഹോളിൽ പ്രവേശിച്ചാൽ മൈക്കിലൂടെ വിവരങ്ങൾ നൽകാനും അവർ പറയുന്നത് കേൾക്കാനും സാധിക്കും. 

എൻഡിആർഎഫ് സജ്ജം

20 പേരടങ്ങുന്ന സംഘം. ഫയർഫോഴ്സിനെ സഹായിക്കുകയാണ് ഇവരുടെ ദൗത്യം. മാലിന്യ നീക്കമുൾപ്പെടെയും ചെയ്യുന്നുണ്ട്.

കർമ്മനിരതരായി മെഡിക്കൽ സംഘം

 തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു സംവിധാനം ഉൾപ്പെടെയുള്ളവയുണ്ട്. ഓക്സിജൻ സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ളവയും തയാറാണ്. വെള്ളത്തിലിറങ്ങുന്നവർക്ക് ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളും നൽകുന്നു.

നഗരസഭാസംഘം

72 പേരടങ്ങുന്ന നഗരസഭാ ശുചീകരണ സംഘം സ്ഥലത്തുണ്ട്. മാലിന്യം നീക്കലാണ് ഇവരുടെ ജോലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com