ഒരാൾപ്പൊക്കത്തിൽ മാലിന്യം, കൊടുംദുർഗന്ധം; അഴുക്കിന്റെ നരകക്കുഴിയിൽ തിരച്ചിൽ ദുഷ്കരം
Mail This Article
തിരുവനന്തപുരം∙ ഇറങ്ങാൻ ദുഷ്കരമായ മാൻഹോളുകൾ, തള്ളിനീക്കാൻ കഴിയാത്ത മാലിന്യം, അതിനു രൂക്ഷ ഗന്ധം.. കരാർ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള ദൗത്യം ദുഷ്കരമാക്കുന്നത് നിരവധി ഘടകങ്ങള്‍. മുങ്ങൽ വിദഗ്ധർ ഇറങ്ങിയെങ്കിലും പാറ പോലെ ഉറച്ചുപോയ മാലിന്യം കാരണം ഭൂഗർഭ ഓടയിലൂടെ അധികദൂരം മുന്നോട്ടുപോകാനാകുന്നില്ല. റെയിൽവേ ലൈൻ മുകളിലൂടെ പോകുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ഓടയുടെ നീളം 117 മീറ്റർ. ഇതിൽ നൂറു മീറ്ററോളം പരിശോധന നടത്തിയതായി അധികൃതർ പറയുന്നു.
ജോയി വീണത് പ്രകൃതിദത്തമായ തോട്ടിലാണ്. വർഷങ്ങൾക്കു മുൻപ് തമ്പാനൂർ ഭാഗം നെൽപ്പാടമായിരുന്ന കാലത്തേയുള്ള തോട്. ചാക്കയിൽനിന്ന് തമ്പാനൂരിലേക്ക് 1931ൽ റെയിൽവേ ലൈൻ എത്തിയപ്പോഴാണ് തോട് ട്രാക്കിനടിയിലായത്. പിന്നീട് കോർപറേഷനും ജലവിഭവവകുപ്പുമെല്ലാം പല ഘട്ടങ്ങളിലായി തോട്ടിൽ നിർമാണ പ്രവർത്തനങ്ങള്‍ നടത്തി. തമ്പാനൂർ കോഫി ഹൗസ് മുതൽ പവർഹൗസ് വരെ ഭൂമിക്കടിയിലൂടെയാണ് തോട്. ഓടയിലേക്ക് ഇറങ്ങാൻ മാൻഹോളുകൾ മാത്രമാണ് ആശ്രയം. ഇതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്. ഓടയിൽ ഒരാൾപൊക്കത്തിൽ മാലിന്യം അടിഞ്ഞുകൂടി പാറ പോലെ ഉറച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഈ ഭാഗത്തുനിന്ന് നീക്കം ചെയ്തത് ഏകദേശം 700 ലോഡ് മണ്ണും മാലിന്യങ്ങളുമാണ്.
കോഫി ഹൗസ് മുതൽ പവർ ഹൗസ് വരെ 35 മീറ്റർ മാത്രമേ ഓട പുറത്തുനിന്ന് കാണാനാകൂ. ബാക്കി ഭാഗമെല്ലാം ഭൂമിക്കടിയിലാണ്. റെയിൽവേ സ്റ്റേഷനിലെ വെള്ളം ഓടയിലേക്ക് പോകാൻ കുഴികളുണ്ടാക്കി ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് രക്ഷാ പ്രവർത്തകർ ഇറങ്ങിയത്. ഓട വൃത്തിയാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനും സംസ്ഥാന സർക്കാരിനുമാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 2024 ജൂണിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓട വൃത്തിയാക്കാൻ റെയിൽവേ തീരുമാനിച്ചത്. കോർപറേഷൻ ആവശ്യപ്പെട്ടപ്പോഴൊക്കെ വൃത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്. റെയിൽവേ ലൈൻ കടന്നുപോകുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനത്തിന് നിയന്ത്രണം ഉണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
പഴവങ്ങാടി തോട്, ആമയിഴഞ്ചാൻ തോട്, വഞ്ചിയൂർ തോട് എന്നെല്ലാം ഈ തോടിന് വിളിപ്പേരുണ്ട്. മ്യൂസിയം ഒബ്സർവേറ്ററി ഹില്ലിൽനിന്ന് ആരംഭിച്ച് ബേക്കറി, ചെങ്കൽചൂള, തമ്പാനൂർ, പഴവങ്ങാടി, വഞ്ചിയൂർ, പാറ്റൂർ, കണ്ണമ്മൂല വഴി ആക്കുളം കായലിലേക്കാണ് ഇതിലെ വെള്ളം എത്തുന്നത്. ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ മാലിന്യമാണ് വെല്ലുവിളി. എത്ര ശുചീകരിച്ചാലും ആഴ്ചകൾക്കുള്ളിൽ മാലിന്യം നിറയും. നഗരത്തിന്റെ പ്രധാന ഭാഗത്തിലൂടെ ഒഴുകുന്ന ഓടയിലേക്ക് മാലിന്യം വലിച്ചെറിയുന്നതാണ് പ്രശ്നം. പ്ലാസ്റ്റിക്കാണ് പ്രധാനമായും ഒഴുക്കിന് തടസ്സമാകുന്നത്. കിഴക്കേക്കോട്ട ഭാഗത്തെ വെള്ളക്കെട്ട് മാറ്റാൻ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി 2014ൽ 24 കോടിയോളം രൂപ ചെലവഴിച്ചിരുന്നു.