സർക്കാർ പണം അനുവദിച്ചില്ല; ആന പാപ്പാൻമാർക്കുള്ള പരിശീലനം നിലച്ചിട്ട് 5 വർഷം
Mail This Article
മൂവാറ്റുപുഴ∙ ആനകളുടെയും പാപ്പാന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പ് മുൻകൈയെടുത്ത് പാപ്പാന്മാർക്കു നൽകി വന്നിരുന്ന പ്രത്യേക പരിശീലനം നിലച്ചിട്ട് 5 വർഷം. ആവശ്യമായ പണം സർക്കാർ അനുവദിക്കാത്തതോടെയാണ് പരിശീലനം നിലച്ചത്.
ആന പാപ്പാന്മാർക്ക് പരിശീലനം നൽകുന്ന കോടനാട് കപ്രികാടിലുള്ള പരിശീലന കേന്ദ്രത്തിന്റെ ചുമതല വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിനാണ്. പരിശീലനം പൂർത്തിയാക്കി വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിച്ചവരാണ് സംസ്ഥാനത്തെ നാട്ടാന പരിപാലനത്തിനായി നിയോഗിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ 5 വർഷമായി സംസ്ഥാനത്ത് പരിശീലന ക്യാംപുകൾ നടക്കുന്നില്ല. ഫണ്ടിന്റെ അപര്യാപ്തതയാണു പരിശീലനം മുടങ്ങാനുള്ള കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.
വിദഗ്ധ തൊഴിലാളികൾ വിരളമായതിനാൽ ഔദ്യോഗിക പരിശീലനം ലഭിക്കാത്തവരെ നിയോഗിക്കാൻ ആന ഉടമകളും നിർബന്ധിതരാവുകയാണ്. ഇരുന്നൂറിലേറെ പേർ ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ജോലിക്കിടയിൽ പരുക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ തൊഴിലാളികൾക്കും കുടുംബത്തിനും ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും വനം വകുപ്പിന്റെ സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
അടുത്ത സീസൺ ആരംഭിക്കും മുൻപ് തൊഴിലാളികൾക്കുള്ള പരിശീലനം പുനരാരംഭിക്കണമെന്നാണ് അഖില കേരള ആനത്തൊഴിലാളി യൂണിയന്റെ ആവശ്യം. അതേസമയം ആന പാപ്പാന്മാരുടെ പരിശീലനം ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്. പരിശീലനത്തിനു വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.