ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർ‌ത്തനങ്ങൾക്ക് റോബട്ടുകളെ ഉപയോഗിക്കാൻ തയാറെന്ന് മന്ത്രി കെ.രാജൻ. സർക്കാർ അനുമതി നൽകിയാൽ ഇത്തരം പ്രവർത്തനങ്ങൾക്കു റോബട്ടുകളെ നൽകാമെന്നു ജെൻറോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് മനോരമ ഓൺലൈനിനോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു മന്ത്രി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള ശ്രമത്തിൽ ഉപയോഗിച്ച റോബട്ടുകളെ നിർമിച്ചത് ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബട്ടിക്സ് ഇന്നവേഷനാണ്.

‘‘രക്ഷാപ്രവർത്തനങ്ങൾക്ക് റോബട്ടുകളെ ഉപയോഗിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ തേടും. റോബട്ടുകളെ ദുരന്ത നിവാരണത്തിന് ഉപയോഗിക്കുന്നത് ഒരു പൊതു പ്രക്രിയ ആയി മാറണം. ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങൾ അനുസരിച്ച് മാറാൻ ദുരന്ത നിവാരണ അതോറിറ്റി അടക്കം തയാറാണ്. ദുരന്ത ലഘൂകരണത്തിന് ജെൻ റോബട്ടിക്സ് പോലുള്ള ഏജൻസികളെ സഹകരിപ്പിക്കുന്നതിൽ സർക്കാരിനു യാതൊരു മടിയുമില്ല. പ്രാഥമിക ചർച്ചകൾ വൈകാതെ ആരംഭിക്കാൻ നിർദേശം നൽകും’’ – മന്ത്രി പറഞ്ഞു.

റോബട്ടുകൾ മാത്രമല്ല ഏത് ആപ്ലിക്കേഷനും ഉപയോഗിക്കാൻ സർക്കാർ തയാറാണ്. ഒരു തുറന്ന ആശയവിനിമയം ജെൻ റോബട്ടിക്സ് അടക്കമുള്ള കമ്പനികളുമായി നടത്തേണ്ടതുണ്ട്. അവർ കൂടി ഒരുക്കമാണെങ്കിൽ ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട്ടിൽ റോബട്ടിനെ ഇറക്കുന്നതിന്റെ സാധ്യതയെപ്പറ്റി ജില്ലാ കലക്ടറാണ് പറഞ്ഞത്. രണ്ടാമതൊന്ന് ആലോചിക്കാതെ അതിന് സമ്മതം നൽകുകയായിരുന്നു. മാലിന്യം കോരുന്നതിനു റോബട്ടുകളെ ഉപയോഗിക്കണമോയെന്ന് തീരുമാനിക്കേണ്ടത് തദ്ദേശ വകുപ്പാണെന്നും മന്ത്രി രാജൻ പറഞ്ഞു. ജെൻറോബട്ടിക്സ് പോലുള്ള സ്റ്റാർട്ടപ്പുകളെ തദ്ദേശ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ഉൾപ്പെടെ കൃത്യമായി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വ്യവസായ മന്ത്രിയുടെ ഓഫിസും മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘കാലം മാറുകയാണ്. തോട്ടിലിറങ്ങി മാലിന്യം വാരുന്നത് മനുഷ്യൻ ചെയ്യേണ്ട ജോലിയല്ല. രക്ഷാപ്രവർത്തനങ്ങൾക്ക് അടക്കം റോബട്ടുകളെ ഉപയോഗിക്കണം. ഒരു സാമൂഹിക വിഷയമായാണ് ഇതിനെ കാണുന്നത്. സംസ്ഥാന സർക്കാരോ നഗരസഭയോ മുന്നിട്ടിറങ്ങിയാൽ റോബട്ടുകളെ നിർമിക്കാൻ തയാറാണ്. തിരുവനന്തപുരത്ത് റെയിൽവേയ്ക്കും ഈ സംവിധാനം ഉപയോഗിക്കാം’’ എന്നായിരുന്നു ജൻ റോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് പറഞ്ഞത്.

English Summary:

Revolutionary Step in Disaster Management: Robots to Aid in State Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com