ജമ്മുവിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ, 4 സൈനികർക്ക് വീരമൃത്യു; 2 മാസത്തിനിടെ ജമ്മുവിലെ ഏഴാമത്തെ ആക്രമണം
Mail This Article
ജമ്മു ∙ മേഖലയിൽ ഭീകരരുടെ സാന്നിധ്യം സജീവമാണെന്നു വ്യക്തമാക്കി വീണ്ടും ഏറ്റുമുട്ടൽ. ദോഡ ജില്ലയിലെ ദെസ്സയിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ കരസേനാ ഓഫിസർ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചു. കരസേനയുടെയും പൊലീസ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും (എസ്ഒജി) നേതൃത്വത്തിൽ ഉറർബഗി വനത്തിൽ തിങ്കളാഴ്ച രാത്രി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ (27), സൈനികരായ ഡി.രാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് ജീവൻ വെടിഞ്ഞത്.
അടുത്തിടെയായി ഭീകരർ കശ്മീർ താഴ്‌വര വിട്ട് ജമ്മുവിൽ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എട്ടിന് കഠ്‌വ ജില്ലയിൽ കരസേനാ ട്രക്കിനു നേരെ ഉണ്ടായ ആക്രമണത്തിൽ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. 2 മാസത്തിനിടെ ജമ്മുവിൽ 6 ആക്രമണങ്ങളിലായി സൈനികരുൾപ്പെടെ 21 പേരാണ് മരിച്ചത്.
മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയതായി കരസേന അറിയിച്ചു. സൈനികരുടെ വിയോഗത്തിൽ അനുശോചിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികൾ വിലയിരുത്തി.
മകനെയോർത്ത് അഭിമാനം
കൊൽക്കത്ത ∙ ‘മകനെ ഓർത്ത് അഭിമാനിക്കുന്നു. വെല്ലുവിളിയുള്ള ജോലി അവൻ ഏറ്റെടുത്തു. അത് ആത്മാർഥമായി നിർവഹിക്കുകയും ചെയ്തു’– ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവും കരസേനയിലെ മുൻ എൻജിനീയറുമായ കേണൽ ഭുവനേഷ് കെ.ഥാപ്പ പറഞ്ഞു. 5 വർഷം മുൻപാണ് ബ്രിജേഷ് കരസേനയിൽ ചേർന്നത്.