ADVERTISEMENT

കോഴിക്കോട് ∙ സിപിഎം നേതൃത്വത്തിനെതിരെ പ്രമോദ് കോട്ടൂളി പൊട്ടിച്ച വെടിയുടെ പുകയൊതുക്കാൻ പാടുപെട്ട് ജില്ലാ നേതൃത്വം. പൊലീസിനു പരാതി നൽകുന്നതോടെ പാർട്ടി നേതൃത്വം കൂടുതൽ പ്രതിസന്ധിയിലാകും. പാർട്ടി കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിലാണ് നേതൃത്വത്തിനെതിരെ ആദ്യവെടി പൊട്ടിയത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് ഉയർത്തിയ ചോദ്യങ്ങളും വെല്ലുവിളികളും ഒരുവിധം ഒതുക്കി വരുന്നതിനിടെയാണു പ്രമോദിന്റെ രംഗപ്രവേശം.

പിഎസ്‌സി അംഗത്വം നൽകുന്നതിനു കോഴ വാങ്ങിയെന്ന് ആരും പരാതി നൽകിയിട്ടില്ലെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ എഴുതി നൽകാനുമാണു മാധ്യമപ്രവർത്തകരോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത്. ആവർത്തിച്ചു ചോദിച്ചിട്ടും അങ്ങനെയൊന്നു കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിലായിരുന്നു പ്രതികരണം. അങ്ങനെയെങ്കിൽ, ഇല്ലാത്ത സംഭവത്തിന്റെ പേരിൽ എന്തിനാണു പ്രമോദിനെ പുറത്താക്കിയതെന്ന ചോദ്യമുയരുന്നു. വെള്ളക്കടലാസിൽ ആരെങ്കിലും പരാതി നൽകിയാൽ പോലും അന്വേഷിക്കുമെന്നാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. 

പാർട്ടിയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിനു നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നു ബോധ്യമായതിനെത്തുടർന്നു പുറത്താക്കുന്നു എന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന. അച്ചടക്കമുള്ള പ്രവർത്തകനായി പ്രമോദ് പോകുമെന്നു പാർട്ടി കരുതാനിടയില്ല. എന്നാൽ പരാതിക്കാരനെന്നു പറയപ്പെടുന്ന ആളുടെ വീടിനു മുന്നിൽ പ്രമോദ് സമരം നടത്തുമെന്ന് പാർട്ടി കരുതിയില്ല.

∙ വെടിപൊട്ടിച്ച് പ്രമോദ്

പിഎസ്‌സി അംഗത്വം നേടുന്നതിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതാണെന്നാണ് പ്രമോദ് തുടക്കംമുതൽ പറഞ്ഞത്. ഒരു പരാതിയും ഇല്ലെന്നും പാർട്ടി അന്വേഷണം നടത്തിയില്ലെന്നും പ്രമോദ് പറഞ്ഞു. പക്ഷേ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെ അതുവരെ സ്വീകരിച്ച നിലപാടിൽനിന്ന് മാറി സമരത്തിനിറങ്ങി. കോഴയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോപണം ഉന്നയിച്ച ആളെക്കൊണ്ട് തന്നെ പറയിപ്പിക്കുന്നതിനായിരുന്നു പ്രമോദിന്റെ നീക്കം. അതിനായാണ് പരാതിക്കാരനായ ശ്രീജിത്തിന്റെ ചേവായൂരിലെ വീടിനുമുന്നിൽ പ്രമോദും അമ്മയും മകനും ശനിയാഴ്ച പ്രതിഷേധിച്ചത്. പ്രമോദിനു പണം നൽകിയില്ലെന്നു ശ്രീജിത്ത് വ്യക്തമാക്കുകയും ചെയ്തു. 

പ്രമോദ് കോട്ടൂളി (Photo: Facebook/ Pramod Kottoolli), മുഹമ്മദ് റിയാസ് (File Photo)
പ്രമോദ് കോട്ടൂളി (Photo: Facebook/ Pramod Kottoolli), മുഹമ്മദ് റിയാസ് (File Photo)

കോഴ ആരോപണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സമയത്തുതന്നെ അന്വേഷണം നടന്നുവെന്ന് പാർട്ടിയിലെ ഉന്നത നേതാക്കൾ വെളിപ്പെടുത്തിയതാണ്. വാങ്ങിയ പണം തിരികെ നൽകി ഒത്തുതീർപ്പ് നടത്തി ഒതുക്കാനായിരുന്നു നീക്കം. പരാതിക്കാരൻ രംഗത്തു വരാതിരുന്നതോടെ ഈ കേസ് എവിടെയും എത്താതെ ഒതുങ്ങുമെന്ന് കരുതി. അതിനിടെ പ്രമോദിനെ പുറത്താക്കിയതോടെ സംഭവത്തിന്റെ ഗതി മാറി. പാർട്ടിയെ വെല്ലുവിളിച്ച് പ്രമോദ് തെരുവിലിറങ്ങി. ജില്ലാ കമ്മിറ്റി അംഗം ഇ.പ്രേംകുമാർ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിന് താഴെ ‘പ്രേമൻ, എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’ എന്ന് പ്രമോദ് കമന്റിട്ടു. പല നേതാക്കളുടെയും പേരുകൾ വരുംദിവസങ്ങളിൽ വെളിപ്പെടുത്തേണ്ടി വരുമെന്നാണ് പ്രമോദ് വ്യക്താക്കുന്നത്. 

∙ യുവാക്കളുടെ വെല്ലുവിളി

കണ്ണൂരിലെ യുവനേതാവായിരുന്ന മനു തോമസ് ഉയർത്തിയ വെല്ലുവിളികൾ പ്രതിരോധിച്ചും ന്യായീകരിച്ചും ഒതുക്കി വരുന്നതിനിടെയാണ് പ്രമോദ് രംഗത്തിറങ്ങിയത്. മനു ഉയർത്തിയത് പാർട്ടിയെ സംബന്ധിച്ച് നിസ്സാര പ്രശ്നങ്ങളായിരുന്നുവെങ്കിൽ കോഴ വിവാദം അങ്ങനെയല്ല. ആരോപണം ഉന്നയിച്ച ആളും പണം വാങ്ങിയ ആളും ഇല്ലെങ്കിലും പ്രമോദിനെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. അതെന്തിനാണെന്നാണ് ചോദ്യം അവശേഷിക്കുന്നു. 

Manu-c-thomas
മനു തോമസ് (ഫയൽ ചിത്രം, മനോരമ)

തന്നെ അറിയിക്കാതെയാണ് പാർട്ടി യോഗം ചേർന്നതെന്നും പുറത്തായ കാര്യം അറിഞ്ഞത് വാർത്തകളിലൂടെയാണെന്നും പ്രമോദ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിനുൾപ്പെടെ തയാറെടുക്കുകയാണ്. മനു തോമസും പ്രമോദുമൊക്കെ അണികളുടെ വലിയ പിന്തുണയുള്ള യുവനേതാക്കളാണ്. കോഴ വിവാദത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ പ്രമോദ് തയാറെടുക്കുമ്പോൾ മറ്റു പലതും പുറത്തുവന്നേക്കും. മനുവിനെയും പ്രമോദിനെയും പോലുള്ള യുവാക്കൾ നേതൃത്വത്തെ വെല്ലുവിളിക്കുന്നത് പാർട്ടിക്ക് ഭാവിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

English Summary:

District Leadership in Turmoil After Pramod Kotuli's Allegations Against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com