ADVERTISEMENT

കൊച്ചി ∙ തിരുവമ്പാടിയിൽ കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ജീവനക്കാർക്കെതിരെ തൽക്കാലം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ഇബി ലൈൻമാനായ പ്രശാന്ത്, കരാർ ജീവനക്കാരനായ അനന്തു എന്നിവർക്കെതിരെ ഓഗസ്റ്റ് 21 വരെ നടപടി പാടില്ലെന്നാണ് ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

പൊലീസിന് കെഎസ്ഇബി ജീവനക്കാരെ ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി, സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കട്ടെയെന്നും വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ മർദിച്ചുവെന്നു കാട്ടി യൂത്ത് കോൺഗ്രസ് നേതാവായ അജ്മലിന്റെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ബിൽ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. പിന്നാലെ ഓൺലൈനായി ബില്ലടച്ച അജ്മൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും വൈകി. ഇതിനെച്ചൊല്ലി അജ്മലും കെഎസ്ഇബി ജീവനക്കാരുമായി തർക്കമുണ്ടായി. ഈ സമയത്ത് മർദിച്ചു എന്നു കാണിച്ചാണ് അജ്മലിന്റെ മാതാവ് പരാതി നൽകിയത്.

പിറ്റേന്ന് കെഎസ്ഇബി ഓഫിസിലെത്തിയ അജ്മലും സഹോദരനും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർത്തെന്നും തങ്ങളുടെ ദേഹത്ത് കേടായ കറി ഒഴിച്ചെന്നും കാട്ടി കെഎസ്ഇബിയും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച കെഎസ്ഇബി നടപടി ഏറെ വിമ‍ർശനം ഏറ്റുവാങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com