ADVERTISEMENT

ന്യൂഡൽഹി∙ കൗമാരക്കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് 32 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ എട്ടു വർഷങ്ങൾക്കുശേഷം വിധി. അപകടത്തിൽ കൊല്ലപ്പെട്ട സിദ്ധാർഥ് ശർമയുടെ മാതാപിതാക്കൾക്ക് 1.98 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്ന് സ്വകാര്യ ഇൻഷുറൻസ് കമ്പനിയോട് മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു. 2016 ഏപ്രിൽ 4നു ഡൽഹിയിലെ സിവിൽ ലൈൻ ഏരിയയിലെ റോഡിലുണ്ടായ അപകടത്തിലാണു സിദ്ധാർഥ് കൊല്ലപ്പെട്ടത്.

നഷ്ടപരിഹാരത്തുകയായി 1.21 കോടി രൂപയും പലിശയായി 77.61 ലക്ഷം രൂപയുമാണ് ഇൻഷുറന്‍സ് കമ്പനി സിദ്ധാർഥിന്റെ മാതാപിതാക്കൾക്കു നൽകേണ്ടത്. മുഴുവൻ തുകയും അടുത്ത 30 ദിവസങ്ങൾക്കുള്ളിൽ കൊടുക്കണം. അതേസമയം, അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കുട്ടിയുടെ അച്ഛന്റേതാണെന്നും മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തുക ഇയാളിൽനിന്നും കണ്ടെത്താനും ഇൻഷുറൻസ് കമ്പനിക്ക് അനുവാദം നൽകിയിട്ടുണ്ട്. 

സംഭവ ദിവസം രാത്രി സുഹൃത്തുക്കൾക്കൊപ്പം അമിതവേഗത്തിൽ കാറോടിച്ചു വന്ന കൗമാരക്കാരൻ റോഡ് മുറിച്ചു കടക്കുകയായിരുന്ന സിദ്ധാർഥിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വണ്ടിയിടിച്ച ആഘാതത്തിൽ 20 അടിയോളം പൊങ്ങിയശേഷം ഇയാൾ റോഡിൽ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അപകടത്തിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയും യാത്രക്കാർ ഇറങ്ങി ഓടി രക്ഷപ്പെടുകയുമായിരുന്നു

English Summary:

Tribunal Orders Rs 1.98 Crore Compensation in 2016 Delhi Accident Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com