ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു കൈമാറാന്‍ തയാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടിസ് നല്‍കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കു 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണു കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം പിഴ ഈടാക്കി. 

പല തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് 82 ശതമാനം മാത്രമാണു പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത്. ഇത് 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനാകൂ. ഹരിതകര്‍മ സേനയുമായി സഹകരിക്കാത്തവര്‍ക്കു തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേരളാ മുനിസിപ്പാലിറ്റി നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃതമായി മാലിന്യം ശേഖരിക്കുന്ന 48 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ വണ്ടികളുടെ റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യം മോട്ടര്‍ വാഹനവകുപ്പുമായി ചർച്ച ചെയ്തു.

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൂടുതലായി വിതരണം ചെയ്യാനും നഗരസഭ ആലോചിക്കുന്നുണ്ട്. ഖര, ദ്രവ മാലിന്യസംസ്‌കരണ പദ്ധതികള്‍ സംബന്ധിച്ച് റെയില്‍വേ ഉന്നയിച്ച അവകാശവാദങ്ങള്‍ ശരിയാണോ എന്നുറപ്പിക്കാന്‍ റെയില്‍വേയുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. മാലിന്യസംസ്‌കരണ സംവിധാനം ഇല്ലെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. റെയില്‍വേയുടെ വളപ്പില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നത് നിയമപരമായി അവരുടെ ഉത്തരവാദിത്തമാണ്. പ്ലാറ്റ്‌ഫോമും ട്രെയിനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കനാലുകളിലേക്കു തുറന്നുവിടാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നോട്ടിസ് അയച്ച് മനുഷ്യാവകാശ കമ്മിഷൻ

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ റെയിൽവേയ്ക്കു മനുഷ്യാവകാശ കമ്മിഷൻ നോട്ടിസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപു റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഡിവിഷനൽ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ നേരത്തേ തിരുവനന്തപുരം ജില്ലാ കലക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടിസയച്ചിരുന്നു.

റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി

‌മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതി. സംസ്ഥാനത്തെ റെയില്‍വേ ഭൂമികളിലുള്ള മാലിന്യ നിർമാര്‍ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

English Summary:

Thiruvananthapuram Corporation Cracks Down on Waste Management Violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com