ADVERTISEMENT

കല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ‌് മരിച്ച സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ആശ്വാസ നടപടികളുമായി സർക്കാർ. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ ഉടൻ നൽകും. കുടുംബത്തിലെ അംഗത്തിനു താൽകാലിക ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു സ്ഥിരം ജോലി പരിഗണിക്കുമെന്നും എഡിസിഎഫ് പറഞ്ഞു. പ്രതിഷേധത്തെത്തുടർന്നു നടത്തിയ സർവകക്ഷിയോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്.

50 ലക്ഷം നഷ്ടപരിഹാരമായി നൽകുന്നതിനു നിയമഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ട്രൈബൽ വകുപ്പ് വീട് വച്ചുനൽകും. വീട്ടിലേക്കുള്ള റോഡ് നന്നാക്കാൻ ഉടൻ നടപടി സ്വീകരിക്കും. കുട്ടിയുടെ പഠനം സർക്കാർ വഹിക്കും. കുട്ടിക്ക് സ്വീപ്പർ ജോലി അല്ലാത്ത വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച്, വനം വകുപ്പ് ജോലി നൽകും. ഫെൻസിങ്ങും ലൈറ്റും സ്ഥാപിക്കും. കാട്ടാനയു‍ടെ ആക്രമണത്തിൽ പരുക്കേറ്റ രാജുവിന്റെ ബന്ധു ബിജുവിനു വികലാംഗ പെൻഷൻ നൽകുന്നതിനു നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പണം ലഭ്യമാക്കുന്നതിനു വനംവകുപ്പ് രേഖകൾ തയാറാക്കി നൽകണം. സ്ഥലത്ത് നൈറ്റ് പട്രോളിങ് നടത്തണം. പഞ്ചായത്ത് ജാഗ്രത സമിതി രൂപീകരിച്ച് മാസത്തിലൊരിക്കൽ കമ്മിറ്റി കൂടണം. ജനങ്ങളുമായി വനംവകുപ്പ് സംഘർഷത്തിനുപോകരുതെന്നും സർവകക്ഷിയോഗത്തിൽ തീരുമാനമെടുത്തു.  

protest1
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ മുത്തങ്ങ ദേശീയപാത ഉപരോധിക്കുന്നു (ചിത്രം∙ മനോരമ)

കലക്ടർ കല്ലൂരിലെത്തി പ്രതിഷേധക്കാരോടും ബന്ധുക്കളോടും തീരുമാനം അറിയിച്ചു. ഇതേത്തുടർന്ന് റോഡ് ഉപരോധത്തിൽനിന്ന് നാട്ടുകാർ പിന്മാറി. രാജുവിന്റെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി. നേരത്തേ, വയനാട് കല്ലൂരില്‍ മന്ത്രി ഒ.ആര്‍‌. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞിരുന്നു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണു കാട്ടാനയുടെ ആക്രമത്തിൽ രാജുവിനു പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു രാജു മരിച്ചു. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. 

പ്രദേശത്തു വന്യജീവികളെത്തുന്നതു സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻപോലും പറ്റാത്തവിധം ആശങ്കയിലാണിവര്‍. തകർന്ന വേലി കടന്നെത്തിയ കൊമ്പനാണു കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു സമീപത്തുവച്ച് ആക്രമിച്ചത്.  മാറോട് ഊരിൽ കാട്ടാനയുടെ ആക്രമണം ഇതാദ്യമായല്ല. മുമ്പ് രാജുവിന്റെ സഹോദരൻ ബിജുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജു ഇന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടയിലാണു വീണ്ടും ആനക്കലിയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. 

കാടിറങ്ങി വരുന്ന ആനക്കൂട്ടം സമീപത്തെ വയലിലാണു തമ്പടിക്കുക, പല സമയങ്ങളിലും വീടുകളുടെ അടുത്തേക്ക് എത്തും. ഇരുട്ടായാൽ ഈ മേഖലയിലാർക്കും പുറത്തിറങ്ങാൻപോലും പറ്റാറില്ല. തകർന്ന ഫെൻസിങ് പുനഃസ്ഥാപിച്ചില്ലെന്നും പ്രദേശത്തെ ട്രഞ്ച് കാര്യക്ഷമമല്ലെന്നും നാട്ടുകാർക്കു പരാതിയുണ്ട്. കൃഷി നശിപ്പിക്കൽ പതിവായതോടെ ഊരിലെ മിക്ക കർഷകരും വിത്തിറക്കാറുമില്ല. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടിയാണ് നാട്ടുകാരുടെ പ്രതിഷേധം.

English Summary:

Tragic Death in Wayanad: Young Man Killed by Wild Elephant Amid Local Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com