ADVERTISEMENT

ൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി യാത്രയായിട്ട് ഒരാണ്ട്. അപ്പയെന്ന സ്നേഹമരത്തിന്റെ തണലിൽനിന്ന് അപ്പയില്ലാത്ത ഒരു വർഷം പിന്നിടുമ്പോൾ പുതുപ്പള്ളിയുടെ എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു. 

∙ ഉമ്മന്‍ ചാണ്ടി ഭൗതികമായി മാത്രം ഒപ്പമില്ലാത്ത ഒരാണ്ട് കഴിഞ്ഞുപോകുന്നു. മഴ പെയ്ത ശേഷവും സ്‌നേഹത്തിന്റെ മരം പെയ്തുകൊണ്ടിരിക്കുന്നു. ആ സ്‌നേഹമരത്തിന്റെ തണലിലെ ഓര്‍മകള്‍?

അപ്പ ഒപ്പമില്ലെന്ന തോന്നല്‍ ഇതുവരെ ഉണ്ടായിട്ടില്ല. കാരണം ജനങ്ങള്‍ ആകെ കൂട്ടത്തിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ആരെയൊക്കെ അനാഥരാക്കിയോ അവരൊക്കെ എന്റെ കൂടെയുണ്ട്. അവര്‍ക്ക് അനാഥത്വം തോന്നുന്നതു കൊണ്ട് എന്റെ കൂടെയും എനിക്ക് അത്തരത്തില്‍ തോന്നുന്നതു കൊണ്ടു ഞാന്‍ അവരുടെ കൂടെയുമാണ്. ഞങ്ങളുടെ കുടുംബം അങ്ങനെയാണ്. ജനം കൂടെയുള്ളതുകൊണ്ട് അദ്ദേഹം പോയത് അറിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അതേപോലെയാണ് ഞങ്ങളെ കണക്കാക്കിയിട്ടുള്ളത്. പുതുപ്പള്ളിക്കാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സ്‌നേഹമാണ് എനിക്കു തരുന്നത്. അദ്ദേഹം ഇല്ലാത്ത സാഹചര്യത്തെക്കുറിച്ച് അവര്‍ക്ക് അറിയാം. അതുകൊണ്ട് അതിനേക്കാള്‍ കൂടുതല്‍ സ്‌നേഹവും കരുതലുമാണ് അവര്‍ നല്‍കുന്നത്. 

∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു പൊടുന്നനെ ഇറങ്ങേണ്ടിവന്ന ചാണ്ടി ഉമ്മന് ഉമ്മന്‍ ചാണ്ടിയുടെ തണല്‍ എത്രത്തോളം കരുത്തായി. ആ തണല്‍ രാഷ്ട്രീയച്ചൂട് കുറയ്ക്കുന്നുണ്ടോ. അതില്‍നിന്നു പുറത്തുകടന്ന് ഒറ്റയ്ക്ക് ഇനിയുള്ള യാത്ര. ആശങ്കയുണ്ടോ?

യാതൊരു ആശങ്കയുമില്ല. അപ്പ കരുത്തായി എപ്പോഴും കൂടെയുണ്ടെന്നാണു ഞാന്‍ കരുതുന്നത്. അദ്ദേഹമില്ലെങ്കില്‍ നമ്മളില്ല. എവിടെ പോയാലും അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയുന്നത്. പല പരിപാടികളിലും ചാണ്ടി ഉമ്മന്‍ എന്നു പറയുന്നതിനു പകരം ഉമ്മന്‍ ചാണ്ടി എന്നു പറയാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ എന്റെ പ്രൊഫൈല്‍ എന്നു പറഞ്ഞു വായിച്ചത് അപ്പയുടെ പ്രൊഫൈല്‍ ആണ്. എഴുതിയ ആളിന്റെ മനസ്സില്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണ്. അതു തന്നെയാണ് എന്റെ കരുത്തെന്നാണു ഞാന്‍ കരുതുന്നത്.

∙ ജനങ്ങളെ ചേര്‍ത്തു പിടിക്കുന്ന, തീരുമാനങ്ങള്‍ വേഗത്തിലെടുത്ത് അതു നടപ്പാക്കാന്‍ ഏതറ്റം വരെയും വിശ്രമമില്ലാതെ പായുന്നതായിരുന്നു ഒസിയുടെ രാഷ്ട്രീയ ശൈലി. രാഷ്ട്രീയത്തില്‍ എത്രത്തോളം പകര്‍ത്താന്‍ കഴിയുന്നുണ്ട്?

അദ്ദേഹം ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജനായിരുന്ന വ്യക്തിയാണ്. ഏതു നെഗറ്റിവിറ്റിയെയും പോസിറ്റീവാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു. ഏറ്റവും മോശം കാര്യം പറഞ്ഞാല്‍ പോലും അതിന്റെ നല്ലവശം കാണാന്‍ കഴിഞ്ഞിരുന്നു. ജീവിതത്തിലും അതു പകര്‍ത്തിയിരുന്നു. അതേപോലെ അതു പിന്തുടരുക അസാധ്യമാണെങ്കിലും അതിനുള്ള ശ്രമത്തിലാണ്. ശ്രമിക്കാനേ കഴിയൂ. കോട്ടയത്ത് ജനസമ്പര്‍ക്ക പരിപാടി നടക്കുമ്പോള്‍ അപ്പ രാവിലെ മുതല്‍ വിശ്രമമില്ലാതെ ജനങ്ങള്‍ക്കിടയിലായിരുന്നു.

അവിടെ മണിക്കൂറുകളോളം കഞ്ഞി കൊടുക്കുന്ന പരിപാടിയില്‍ സജീവമായിരുന്നു ഞാന്‍. അന്ന് ‘ഉമ്മന്റെ വഴിയേ ചാണ്ടിയും’ എന്ന തരത്തില്‍ മാധ്യമറിപ്പോര്‍ട്ട് വന്നിരുന്നു. ഞാനും പല തീരുമാനങ്ങളും വേഗത്തിലെടുക്കാറുണ്ട്. എന്നാല്‍ അപ്പയുടെ അത്ര അനുഭവജ്ഞാനം ഇല്ലാത്തതിനാല്‍ എന്നെക്കൊണ്ട് ആകുന്ന പോലെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. പുതുപ്പള്ളി മണ്ഡലത്തില്‍ സ്‌പോര്‍ട്‌സിന്റെ വികസനത്തിനായി പല സ്ഥാപനങ്ങളിലേക്കും ഏതാണ്ട് രണ്ടു കോടിയോളം രൂപ വികസനത്തിനായി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. 

∙ ഉമ്മന്‍ ചാണ്ടി കൈവരിച്ച വികസനനേട്ടങ്ങളെ ഇപ്പോഴും ഭയപ്പെടുന്നുണ്ട് രാഷ്ട്രീയ എതിരാളികള്‍. അത്തരം ചര്‍ച്ചകളെ തമസ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ ശ്രമിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ പോലും മടിക്കുന്നു. ജനസമ്പര്‍ക്ക പരിപാടിക്കുപോലും ബദലിനു ശ്രമിക്കുന്നു. എങ്ങനെ കാണുന്നു?

തമസ്‌കരിക്കാനുള്ള ശ്രമങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. കാരണം എത്ര അവഗണിച്ചാലോ അപമാനിച്ചാലോ അദ്ദേഹത്തിന്റെ പേരും നേട്ടങ്ങളും ഉയര്‍ന്നു വരികയേ ഉള്ളൂ. കാരണം സത്യത്തിനു വേണ്ടിയാണ് അപ്പ നിലകൊണ്ടത്. സത്യം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്നുള്ളതുകൊണ്ട് എത്ര അപമാനിച്ചാലും പ്രശ്‌നമാകില്ല. ജനസമ്പര്‍ക്ക പരിപാടി നടത്തുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. ജനങ്ങളോടൊപ്പം മണിക്കൂറുകള്‍നിന്ന് അവരുടെ പരാതി കേട്ട് അപ്പോള്‍ തന്നെ പരിഹാരം കാണുക എന്നതൊക്ക അത്രത്തോളം അനുഭവജ്ഞാനം ഉള്ളവര്‍ക്കേ കഴിയൂ. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 

∙ അപ്പ ഉണ്ടായിരുന്നെങ്കില്‍, ആ ഉപദേശം കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ച സന്ദര്‍ഭം?

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ. ഞാന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും ജനപ്രതിനിധി ആകുന്നതും അദ്ദേഹം കാണണമെന്നും ഒപ്പമുണ്ടാകണമെന്നും വലിയ ആഗ്രഹമായിരുന്നു. 

∙ അപ്പയെ ഏറ്റവും മിസ് ചെയ്യുന്നത് എപ്പോഴാണ്?

എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തിന് ഒരു തീരുമാനമുണ്ടായിരുന്നു. ആ തീരുമാനം എന്നും ശരിയായിരുന്നു. രാഷ്ട്രീയമാകട്ടെ, സംസ്ഥാന വികസന കാര്യമാകട്ടെ, വീട്ടിലെ കാര്യമാകട്ടെ ശരിയായ തീരുമാനങ്ങളാണ് എടുത്തിരുന്നത്. സോളര്‍ കമ്മിഷന്റെ കാര്യത്തില്‍ അദ്ദേഹമെടുത്ത തീരുമാനം തെറ്റിപ്പോയെന്നാണു വ്യക്തിപരമായി ഞാന്‍ കരുതിയിരുന്നത്. പക്ഷേ, കാലം തെളിയിച്ചു. കമ്മിഷനു തെറ്റിയാലും അദ്ദേഹത്തിനു തെറ്റിയില്ലെന്ന സത്യം തെളിഞ്ഞുവന്നു. ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ കാണുമ്പോള്‍ അതു തെറ്റിപ്പോയോ എന്നു ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ശരിയായിരുന്നുവെന്നു കാലം തെളിയിച്ചു. 

∙ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദം?

ഉമ്മന്‍ ചാണ്ടി രൂപീകരിച്ച ആശ്രയ ഫൗണ്ടേഷനില്‍ ഇവരാരുമില്ല. ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം മോശമായതു കൊണ്ടാണോ അങ്ങനെ ചെയ്തത്. അല്ലല്ലോ. ആ ഫൗണ്ടേഷനില്‍ ഞാന്‍ പോലും ഇല്ല. ഇപ്പോള്‍ ഞാന്‍ ഒരു ഫൗണ്ടേഷന്‍ തുടങ്ങി അതിന് ഉമ്മന്‍ ചാണ്ടിയുടെ പേരിട്ടുവെന്നു മാത്രം. അതില്‍ വിവാദത്തിന്റെ കാര്യമില്ല. കെ.സി.ജോസഫുമായി സംസാരിച്ചു. കോട്ടയത്തു നടക്കുന്ന അനുസ്മരണ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുമെന്നും അപ്പോള്‍ പ്രശ്‌നം തീരുമല്ലോ എന്നുമാണ് അദ്ദേഹം പറഞ്ഞത്. വ്യാജവാര്‍ത്ത കൊടുത്തു ഞങ്ങളുടെ കുടുംബത്തെ അപമാനിക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ എങ്ങനെയാണു കള്ളപ്രചാരണം നടത്താന്‍ കഴിയുന്നത്. ടര്‍ഫിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. അദ്ദേഹവും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

English Summary:

A Year Without Oommen Chandy: Chandy Oommen on Life and Politics After Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com