ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഇന്ന്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്മരണം
Mail This Article
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. പ്രിയനേതാവിന്റെ സ്മരണയിൽ വിവിധ പരിപാടികൾ നടക്കും. ജീവകാരുണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 വരെയാണു സംസ്ഥാനത്തൊട്ടാകെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7നു പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർഥന. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ രാവിലെ 11നു അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
-
Also Read
‘ചാണ്ടിജീ’യുടെ ഡൽഹി
കോട്ടയം ഡിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മാമ്മൻ മാപ്പിള ഹാളിൽ വൈകിട്ട് 3ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിക്കും. ഉമ്മൻ ചാണ്ടിയെപ്പറ്റിയുള്ള ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനവും കഞ്ഞിക്കുഴിയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഓഫിസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
അനുസ്മരണം: ഇന്നത്തെ പരിപാടികൾ
∙ രാവിലെ 7.00 : പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർഥന
∙ 9.00: മാമ്മൻ മാപ്പിള ഹാൾ: ഉമ്മൻ ചാണ്ടി ഫോട്ടോ പ്രദർശനത്തിനു തുടക്കം.
∙ 11.00: പുതുപ്പള്ളി പള്ളി: അനുസ്മരണ സമ്മേളനം ഉദ്ഘാടനം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യക്ഷൻ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
ളാക്കാട്ടൂരിൽ ഉമ്മൻ ചാണ്ടി സ്പോർട്സ് അരീനയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായുള്ള ഉമ്മൻ ചാണ്ടി മെമ്മോറിയൽ എംഎൽഎ എക്‌സലൻസ് അവാർഡ് വിതരണം, സ്കോളർഷിപ് വിതരണം, ഭവന രഹിതർക്കായി ലഭിച്ച ഒരേക്കർ ഭൂമിയുടെ സമ്മതപത്രം കൈമാറൽ.
∙ 3.00: മാമ്മൻ മാപ്പിള ഹാൾ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണം ഉദ്ഘാടനം: എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. അധ്യക്ഷൻ: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
– ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം: കെ.സി. വേണുഗോപാൽ.
– ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതിയ ഡിസിസി ഓഫിസ് കെട്ടിടം നിർമാണം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും ഡിസിസിയുടെ ജീവകാരുണ്യ പ്രവർത്തന പ്രഖ്യാപനവും: ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
∙ 5.00: മാമ്മൻ മാപ്പിള ഹാൾ: ഉമ്മൻ ചാണ്ടി ഫോട്ടോ പ്രദർശനം ഉദ്ഘാടനം: കെ.സി.വേണുഗോപാൽ
∙ 7.00: ളാക്കാട്ടൂർ ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന: 14 എംഎൽഎമാർ ഇരുടീമായി തിരിഞ്ഞുള്ള ഫുട്ബോൾ മത്സരം. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽനിന്നു വൈകിട്ട് ആറിന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം സ്പോർട്സ് അരീനയിൽ എത്തുന്നതോടെ മത്സരം ആരംഭിക്കും. കൂരോപ്പട കവലയിൽനിന്ന് ഒറവയ്ക്കൽ കൂരാലി റോഡിൽ ളാക്കാട്ടൂർ ജംക്‌ഷനിൽ എത്തി 500 മീറ്റർ മാറി ഉമ്മൻ ചാണ്ടി റോഡിലൂടെ നീങ്ങിയാൽ ടർഫിലെത്താം. മണർകാട് – കിടങ്ങൂർ റോഡിൽ ഒറവയ്ക്കൽ ജംക്‌ഷനിൽനിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ളാക്കാട്ടൂർ കവലയിലെത്താം.