വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, റെഡ് അലർട്ട്: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, 2 മരണം
Mail This Article
തിരുവനന്തപുരം∙ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
പുഴകളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്. മൂന്നു ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് കോളജുകൾക്ക് അവധി ബാധകമല്ല. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടുമാണ്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ കണ്ണൂരിൽ പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അതിർത്തിയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്നു സംശയമുണ്ട്. മലപ്പുറത്തും കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. എടവണ്ണയിൽ പത്തപ്പിരിയം സ്വദേശി കളരിക്കൽ ലക്ഷ്മിയുടെ വീട് മഴയിൽ തകർന്നു വീണു.