ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ, കാലിക്കറ്റ്, എംജി, മലയാളം, സാങ്കേതിക സർവകലാശാലകളുടെ  116 കോടി രൂപയുടെ മരാമത്ത് പണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നൽകി. പാനൽ ടെൻഡർ ക്ഷണിക്കാതെയും ഊരാളുങ്കലിന് കരാറുകൾ  നൽകിയിട്ടുണ്ട്. ടി.വി. ഇബ്രാഹിം എംഎൽഎ യുടെ ചോദ്യത്തിനാണ്  മന്ത്രി ആർ.ബിന്ദു നിയമസഭയിൽ  ഉത്തരം നൽകിയത്. കേന്ദ്ര സർക്കാരിൽ നിന്നും യുജിസിയിൽ നിന്നും നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന ഗ്രാന്റാണ് സർവകലാശാലകൾ കൂടുതലായും ചെലവിടുന്നത്. 

കണ്ണൂർ സർവകലാശാല 42 കോടി രൂപയുടെയും, കാലിക്കറ്റ് 30 കോടിയുടെയും, എംജി ഒന്നരക്കോടിയുടെയും, മലയാളം ഏകദേശം ഒരുകോടിയുടെയും സാങ്കേതിക സർവകലാശാല 42 കോടിയുടെയും കരാറാണ് ഊരാളുങ്കലിന് നൽകിയതെന്ന് നിയമസഭയിൽ മന്ത്രി അറിയിച്ചു. എന്നാൽ കേരള സർവകലാശാല പതിവു രീതി അനുസരിച്ച്  ടെൻഡർ ക്ഷണിച്ച് വിവിധ കരാറുകാർക്കാണ് നിർമാണ ജോലികൾ ഏൽപ്പിച്ചത്. ഊരാളുങ്കലിന് കരാർ നൽകിയിട്ടില്ല.

എല്ലാ സർവകലാശാലകളിലും ഉയർന്ന ശമ്പളം പറ്റുന്ന എക്സിക്യുട്ടിവ് എൻജിനീയർമാരും മറ്റ് ഉദ്യോഗസ്ഥരുമുള്ള എൻജിനീയറിങ് വിഭാഗം  പ്രവർത്തിക്കുമ്പോഴാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പുറം കരാറുകാർക്ക് നൽകുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും, യുജിസിയിൽ നിന്നുമുള്ള ഫണ്ടിൽ പൂർത്തിയാക്കേണ്ട  കെട്ടിടനിർമാണ ജോലികളും, മാർക്ക്‌ ടാബുലേഷൻ ഷീറ്റുകളുടെ ഡിജിറ്റലൈസേഷൻ ജോലികളും ഊരാളുങ്കൽ സൊസൈറ്റിക്കാണ് നൽകിയിട്ടുള്ളത്.

എംജിയിൽ  ബയോമെട്രിക് പഞ്ചിങ് മെഷീൻ നവീകരിക്കുവാനുള്ള ജോലിക്കും ഡിജിറ്റലൈസേഷൻ ജോലികൾക്കും കെൽട്രോൺ, സിഡിറ്റ് തുടങ്ങിയ അംഗീകൃത  പാനലിലുള്ള സ്ഥാപനങ്ങൾക്ക് ഊരാളിങ്കലിനൊപ്പം ടെൻഡർ നൽകിയെങ്കിലും പിന്നീട് അവർ പിൻമാറിയത്  സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്  ആക്ഷേപമുണ്ട്.

സർക്കാർ ഉത്തരവ് പ്രകാരം കരാർ തുകയുടെ പരമാവധി 20 ശതമാനം മാത്രമേ മുൻകൂർ നൽകാൻ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ച് ഊരാളുങ്കലിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഊരാളുങ്കലിന് 50 ശതമാനം അഡ്വാൻസ് നൽകിയത് ചട്ടവിരുദ്ധമാണെന്ന് സർക്കാരിന്റെ ഓഡിറ്റ് വിഭാഗം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്റ്റിമേറ്റ് തുക ഉയർത്തിക്കാട്ടിയശേഷം  ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ കൊടുക്കുന്ന പല ജോലികളും എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ പണിതീർത്തതായി  നിയമസഭ രേഖകളിലുമുണ്ട്.

യൂണിവേഴ്സിറ്റികൾക്ക് യുജിസിയും കേന്ദ്രസർക്കാരും അനുവദിക്കുന്ന ഗ്രാന്റ് യൂണിവേഴ്സിറ്റി ഫണ്ടിൽ തന്നെ ഉള്ളതുകൊണ്ട് സർക്കാർ കരാർ ജോലികളിൽ നിന്നും വിഭിന്നമായി നിർമാണ തുക കൃത്യമായി കരാറുകാർക്ക് ലഭിക്കും. സർവകലാശാലകളിലെ മരാമത്ത് - ഡിജിറ്റലൈസേഷൻ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിയെ ടെൻഡർ ഒഴിവാക്കി നൽകുന്നതിലൂടെ  വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ  നടക്കുന്നതും, സർവകലാശാല ഫണ്ട്  ക്രമവിരുദ്ധമായി  ചെലവിടുന്നതും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും പരാതി  നൽകി.

English Summary:

Renovation of Kerala's Top Universities given to Uralungal Labor Contract Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com