ADVERTISEMENT

കൊച്ചി ∙ കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണറുടെ തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ. ഒരു മാസത്തേക്കാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ബെഞ്ച് സെർച്ച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്നു കാട്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. യുജിസിയെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഗവർണര്‍ക്ക് പുറമെ സെർച്ച് കമ്മിറ്റിയിൽ അദ്ദേഹം നിയോഗിച്ച ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സഞ്ജീവ് ജയിന്‍, കുസാറ്റ്, അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റികളിലെ മുൻ വൈസ് ചാൻസലർ ഡോ. പി.കെ.അബ്ദുള്‍ അസീസ്, ഐസിഎആർ ഫിഷറീസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ. ജെ.കെ.ജീന എന്നിവർക്കും നോട്ടീസ് അയയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇവർ രണ്ടാഴ്ചയ്ക്കുള്ളിൽ ‍എതിർ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഓഗസ്റ്റ് 8ന് വീണ്ടും പരിഗണിക്കും. 

സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് കുഫോസില്‍ വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിന് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത് എന്ന് സർക്കാർ ഹർജിയിൽ പറയുന്നു. ഇത് 2018െല യുജിസി ചട്ടത്തിനും കുഫോസ് നിയമത്തിനും വിരുദ്ധമാണ്. മാത്രമല്ല, ഈ നിയമങ്ങൾ അനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലറെ ചുമതലപ്പെടുത്തിയിട്ടില്ല. അതിനു പുറമെ ആരാണ് സെർച്ച് കമ്മിറ്റിക്ക് രൂപം നല്‍കേണ്ടതെന്ന് മുൻകാല കോടതി വിധികളും ഈ നിയമങ്ങളും വ്യക്തമാക്കുന്നുമില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനാണ് ഇതിനുള്ള അധികാരം എന്നാണ് ഹർജിയില്‍ പറയുന്നത്. വിഷയത്തിൽ എല്ലാ കക്ഷികളുടെയും വാദങ്ങൾ കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയയ്ക്കനും ഒരു മാസത്തേക്ക് സെർച്ച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്യാനും നിർദേശിച്ചത്.

English Summary:

State Government's Petition Leads to Stay on KUFOS VC Search Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com