സ്വിച്ചിട്ടാൽ ആത്മഹത്യ ചെയ്യാം; സ്വിറ്റ്സർലൻഡിൽ സ്വയം മരിക്കാൻ ‘സൂയിസൈഡ് പോഡു’കൾ തയാറാകുന്നു
Mail This Article
സൂറിച്ച്∙ വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ സ്വയം മരിക്കാനുള്ള സംവിധാനം ഒരുക്കി സ്വിറ്റ്സർലൻഡ്. ഒരു സ്വിച്ചിട്ടാൽ മരണം ഉറപ്പിക്കുന്ന ആത്മഹത്യാ വാഹിനികള്‍ രാജ്യത്ത് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ആത്മഹത്യാ വാഹിനിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മരിക്കാൻ വെറും 18 സ്വിസ് ഫ്രാങ്ക് (ഏകദേശം 1700 ഇന്ത്യൻ രൂപ) ചിലവാണ് ആത്മഹത്യാ വാഹിനികളിൽ ഈടാക്കുക.
ജീവിതം മടുക്കുന്നവർക്കുള്ള ആത്മഹത്യാ വാഹിനികൾക്ക് സാർക്കോ ക്യാപ്സുൾ എന്നാണ് സ്വിറ്റ്സർലൻഡിൽ പേര്. സാർക്കോ ക്യാപ്സുളിനുള്ളില്‍ ഓക്സിജന് പകരം നൈട്രജൻ നിറച്ചാണ് പ്രവർത്തനം. നൈട്രജൻ ശ്വസിക്കുന്നതോടെ ഇതിൽ കയറുന്നയാൾക്ക് ഹൈപ്പോക്സിയ (കോശങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ) സംഭവിക്കുന്നു. ഇതോടെ മരണം സംഭവിക്കുന്നു. 5 മിനിറ്റിനുള്ളിൽ തന്നെ ആത്മഹത്യാ വാഹിനിയിൽ കയറുന്ന ആളുടെ മരണം സംഭവിക്കും.
പക്ഷേ ഇത്തരത്തിൽ ജീവിതം അവസാനിപ്പിക്കാൻ പണം മാത്രം പോര. മരിക്കാൻ തയാറെടുക്കുന്ന ആളുടെ മാനസികനില കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ഇതിനനുവദിക്കൂയെന്ന് ആത്മഹത്യാ വാഹിനികളുടെ നിർമാതാക്കളായ ‘ദ് ലാസ്റ്റ് റിസോർട്ട് ഓർഗനൈസേഷൻ’ സിഇഒ ഫ്ലോറിയൻ വില്ലറ്റ് പറഞ്ഞു. നിലവിൽ സ്വിറ്റ്സർലൻഡിൽ നിയമാനുസൃതമായി സ്വയം മരണം സ്വീകരിക്കൽ അനുവദനീയമാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)